ഗസയിലേക്കുള്ള ബോട്ടുകളെ തടഞ്ഞാല്‍ യൂറോപ്പ് സ്തംഭിപ്പിക്കും: ബേസിക് യൂണിയന്‍ കണ്‍ഫഡറേഷന്‍
റോം: ഗസയില്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പൊളിക്കാന്‍ യൂറോപ്പില്‍ നിന്നും പുറപ്പെടുന്ന ബോട്ടുകളെ തടഞ്ഞാല്‍ യൂറോപ്പ് സ്തംഭിപ്പിക്കുമെന്ന് ബേസിക് യൂണിയന്‍ കണ്‍ഫഡറേഷന്‍(യുഎസ്ബി). മാനുഷിക സഹായങ്ങള്‍ കൊണ്ടുപോവുന്ന ബോട്ടുകളെ തടഞ്ഞാല്‍ യൂറോപ്പിലെങ്ങും പൊതുപണിമുടക്കുകള്‍ നടത്തുമെന്ന് തൊഴിലാളി സംഘടനകളുടെ കൂട്ടായ്മയായ യുഎസ്ബിയുടെ ഭാരവാഹികള്‍ അറിയിച്ചു. ''സെപ്റ്റംബര്‍ പകുതിയോടെ ബോട്ടുകള്‍ ഗസയുടെ തീരത്തെത്തും. ഞങ്ങളുടെ ബോട്ടുകളുമായോ സഖാക്കളുമായോ ഉള്ള ബന്ധം നഷ്ടപ്പെട്ടാല്‍, 20 മിനുട്ട് നഷ്ടപ്പെട്ടാല്‍ പോലും യൂറോപ്പ് ഞങ്ങള്‍ സ്തംഭിപ്പിക്കും. ഞങ്ങളുടെ തുറമുഖങ്ങളില്‍ നിന്ന് 14,000 കണ്ടയ്‌നറുകള്‍ ഇസ്രായേലിലേക്ക് പോവുന്നു. ബോട്ടുകള്‍ തടഞ്ഞാല്‍ ഒരു മൊട്ടുസൂചി പോലും ഇസ്രായേലില്‍ എത്തില്ല.''-സംഘടനാ നേതാവ് പറഞ്ഞു.
ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ല എന്ന പേരില്‍ 15 ബോട്ടുകളാണ് ഗസയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. 44 രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും മനുഷ്യാവകാശ പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും ബോട്ടിലുണ്ട്. ആദ്യം ടൂണിസില്‍ പോയ ശേഷം മറ്റു ബോട്ടുകളുമായി സംയോജിക്കും. പിന്നീട് വിവിധ തുറമുഖങ്ങളില്‍ നിന്ന് കൂടുതല്‍ ബോട്ടുകളും സംഘത്തില്‍ ചേരും. ഞായറാഴ്ച സ്‌പെയ്‌നിലെ ബാര്‍സലോണയില്‍ നിന്നാണ് ബോട്ടുകള്‍ പുറപ്പെട്ടത്.
