ഖത്തറിലെ ഇസ്രായേലി ആക്രമണം: സംയുക്ത പ്രതിരോധ സംവിധാനം സജീവമാക്കുമെന്ന് ജിസിസി

Update: 2025-09-15 16:52 GMT

ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍(ജിസിസി) സുപ്രിം കൗണ്‍സില്‍ അപലപിച്ചു. ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് മേലുണ്ടായേക്കാവുന്ന ആക്രമണങ്ങള്‍ തടയാവുന്ന രീതിയില്‍ പ്രതിരോധ സംവിധാനങ്ങള്‍ രൂപപ്പെടുത്തുമെന്നും സുപ്രിംകൗണ്‍സില്‍ അറിയിച്ചു.

ഇസ്രായേലി ആക്രമണത്തെ നേരിടാന്‍ സ്വീകരിക്കുന്ന എല്ലാ നടപടികളിലും ഖത്തറിന് ജിസിസി രാജ്യങ്ങളുടെ പൂര്‍ണ്ണ ഐക്യദാര്‍ഢ്യം സുപ്രിം കൗണ്‍സില്‍ പ്രഖ്യാപിച്ചു. ''ജിസിസി രാജ്യങ്ങളുടെ സുരക്ഷ അവിഭാജ്യമാണ്. ജിസിസി ചാര്‍ട്ടറിനും സംയുക്ത പ്രതിരോധ കരാറിനും അനുസൃതമായി അവയില്‍ ഏതെങ്കിലുമൊന്നിനെതിരെയുള്ള ഏതൊരു ആക്രമണവും എല്ലാവര്‍ക്കുമെതിരെയുള്ള ആക്രമണമാണ്.''- ദോഹയില്‍ നടന്ന അറബ്-ഇസ്‌ലാമിക് ഉച്ചകോടിയില്‍ നടന്ന അസാധാരണമായ സെഷന് ശേഷം പുറത്തിറക്കിയ പ്രസ്താവന പറയുന്നു. ജിസിസി രാജ്യങ്ങളുടെ സംയുക്ത പ്രതിരോധ സംവിധാനങ്ങളും പ്രതിരോധ സംവിധാനങ്ങളും സജീവമാക്കുന്നതിന് ആവശ്യമായ എക്‌സിക്യൂട്ടീവ് നടപടികള്‍ സ്വീകരിക്കാന്‍ ജിസിസിയുടെ ഏകീകൃത സൈനിക കമാന്‍ഡിന് സുപ്രിംകൗണ്‍സില്‍ നിര്‍ദേശം നല്‍കി. ഇസ്രായേല്‍ ഖത്തറില്‍ നടത്തിയ ആക്രമണം ഗസ മുനമ്പിലെ വെടിനിര്‍ത്തല്‍, തടവുകാരെ മോചിപ്പിക്കല്‍, സഹോദര ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ ലഘൂകരിക്കല്‍ എന്നിവയെ തടസ്സപ്പെടുത്തുന്നുവെന്നും പ്രസ്താവന പറഞ്ഞു.

അതേസമയം, അറബ്-ഇസ്‌ലാമിക് ഉച്ചകോടി ഖത്തര്‍ ആക്രമണവിഷയത്തില്‍ സംയുക്ത പ്രസ്താവന പ്രസിദ്ധീകരിച്ചു. ഇസ്രായേലിന്റെ ഖത്തര്‍ ആക്രമണം പ്രദേശത്തെ സമാധാനത്തിന് എതിരാണെന്ന് പ്രസ്താവന പറയുന്നു. ആക്രമണത്തില്‍ ഏതുതരത്തില്‍ വേണമെങ്കിലും ഖത്തറിന് പ്രതികരിക്കാം. അതിന് പിന്തുണ നല്‍കും. ഇസ്രായേലി ആക്രമണത്തെ ന്യായീകരിക്കുന്ന വാദങ്ങളെ ഉച്ചകോടി എതിര്‍ത്തു. ഖത്തറിനെ വീണ്ടും ആക്രമിക്കാമെന്ന ഇസ്രായേലിന്റെ പ്രസ്താവനയെ ഉച്ചകോടി തള്ളി കളഞ്ഞു.