ഗസയില്‍ ഇസ്രായേലി സൈന്യം കടുത്ത വെല്ലുവിളി നേരിടുന്നതായി ജറുസലേം പോസ്റ്റ്

Update: 2025-07-10 20:36 GMT

ജറുസലേം: ഗസയില്‍ ഇസ്രായേലി സൈന്യം കടുത്ത വെല്ലുവിളി നേരിടുന്നതായി ജറുസലേം പോസ്റ്റ്. ഖാന്‍ യൂനിസിലും ബെയ്ത് ഹാനൂനിലും കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ആക്രമണങ്ങളെ തുടര്‍ന്നാണ് ജറുസലേം പോസ്റ്റ് പുതിയ വിലയിരുത്തലില്‍ എത്തിയത്. ഗസ ഏതാണ്ട് കൈപ്പിടിയില്‍ ഒതുങ്ങിയെന്ന രീതിയിലുള്ള റിപോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പത്രം പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍, ശക്തമായ ആക്രമണങ്ങള്‍ നടത്താനുള്ള ഹമാസിന്റെയും ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദിന്റെയും ശേഷിയില്‍ കുറവില്ലെന്ന് പുതിയ റിപോര്‍ട്ട് പറയുന്നു.

ബെയ്ത് ഹാനൂനിലും ഖാന്‍ യൂനിസിലും നേരത്തെ തന്നെ ഇസ്രായേലി സൈന്യം ഓപ്പറേഷനുകള്‍ നടത്തിയിരുന്നു. അവിടങ്ങളില്‍ ഗറില്ലാ പോരാളികള്‍ ഇല്ലെന്നായിരുന്നു അനുമാനം. പക്ഷേ, ഗറില്ലാ പോരാളികള്‍ അവിടെ തന്നെയുണ്ടെന്നാണ് പുതിയ ആക്രമണങ്ങള്‍ തെളിയിച്ചത്. അവിടെ നിന്ന് ഇസ്രായേലി സൈന്യമുള്ള മറ്റുപ്രദേശങ്ങളിലേക്ക് അവര്‍ സഞ്ചരിക്കുന്നുമുണ്ട്. ഈ രണ്ടു പ്രദേശങ്ങളിലെയും 65 ശതമാനം കെട്ടിടങ്ങള്‍ തകര്‍ത്തെന്നാണ് ഇസ്രായേലി സൈന്യത്തിന്റെ വിലയിരുത്തല്‍. എന്നിട്ടും ഗറില്ലാ പോരാളികള്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയിലൂടെ പ്രവര്‍ത്തിക്കുന്നു. 642 ദിവസത്തെ ആക്രമണം കഴിഞ്ഞിട്ടും പോരാളികള്‍ അവിടെ തന്നെയുണ്ടെന്നത് ഇസ്രായേലികളെ ഞെട്ടിച്ചിട്ടുണ്ട്.