ഇസ്രായേലി അനുകൂല സംഘടനയുടെ 12 പേരെ വെടിവച്ചു കൊന്നു

Update: 2025-06-13 03:19 GMT
ഇസ്രായേലി അനുകൂല സംഘടനയുടെ 12 പേരെ വെടിവച്ചു കൊന്നു

ഗസ സിറ്റി: ഇസ്രായേലി പിന്തുണയുള്ള യാസര്‍ അബൂ ശബാബിന്റെ ക്രിമിനല്‍ സംഘത്തിലെ 12 പേരെ വെടിവെച്ചു കൊന്നതായി ഗസ പോലിസ് അറിയിച്ചു. സഹായവസ്തുക്കള്‍ കൊള്ളയടിക്കുന്നത് തടയാന്‍ ഗസ പോലിസ് രൂപീകരിച്ച സാഹ്മ് യൂണിറ്റാണ് ക്രിമിനലുകളെ വെടിവച്ചു കൊന്നത്. നിലവില്‍ റഫയിലെ ഇസ്രായേലി ക്യാംപ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യാസറിന്റെ സംഘം വിവിധ പ്രദേശങ്ങളിലെ സഹായങ്ങള്‍ തട്ടാന്‍ ശ്രമിക്കുന്നുണ്ട്. ഗസയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പ്രവര്‍ത്തിച്ചതിന് യാസറിനെ അബൂ ശബാബ് ഗോത്രം പുറത്താക്കിയിട്ടുണ്ട്. യാസറിന് ഗോത്രവുമായി ഇനിയൊരു ബന്ധവുമില്ലെന്നും പ്രതിരോധപ്രസ്ഥാനങ്ങള്‍ക്ക് അയാളെ എന്തുവേണമെങ്കിലും ചെയ്യാമെന്നും ഗോത്രം പരസ്യമായി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഗസയിലെ വിവിധ ഗോത്രങ്ങളുടെ സഖ്യത്തിന്റെ പിന്തുണ ഹമാസ് അടക്കമുള്ള ഫലസ്തീനി പ്രതിരോധ പ്രസ്ഥാനങ്ങള്‍ക്കാണ്. ഈ ഗോത്രങ്ങളാണ് ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങള്‍ക്ക് വേണ്ട പിന്തുണ നല്‍കുന്നത്. ചില ഗോത്രങ്ങളെ സ്വന്തം വശത്തേക്ക് കൊണ്ടുവന്ന് പ്രതിരോധപ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ ഇസ്രായേല്‍ ശ്രമിക്കുന്നുണ്ട്.

Similar News