ഇസ്രായേലുമായി സഹകരിച്ച മൂന്നു പേരുടെ വധശിക്ഷ നടപ്പാക്കി അല്‍ ഖസ്സം ബ്രിഗേഡ്‌സ്

Update: 2025-09-22 16:58 GMT

ഗസ സിറ്റി: ഇസ്രായേലി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച മൂന്നു പേരുടെ വധശിക്ഷ നടപ്പാക്കി അല്‍ ഖസ്സം ബ്രിഗേഡ്‌സ്. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഫയറിങ് സ്‌ക്വോഡാണ് ഗസ സിറ്റിയില്‍ പൊതുജനമധ്യത്തില്‍ വധശിക്ഷ നടപ്പാക്കിയത്. ഫലസ്തീനികളെയും അവരുടെ ത്യാഗങ്ങളെയും ചതിച്ചവര്‍ ശിക്ഷിക്കപ്പെടുമെന്ന് പറയുന്ന ലഘുലേഖയും വധശിക്ഷ നടപ്പാക്കുന്നത് കാണാനെത്തിയവര്‍ക്കിടയില്‍ വിതരണം ചെയ്തു.

ഇസ്രായേലി സൈന്യം അധിനിവേശം ശക്തമാക്കിയതോടെ ചാരന്‍മാരെ കണ്ടെത്താന്‍ വിവിധ ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങള്‍ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അങ്ങനെ പിടികൂടുന്നവരെ ആഭ്യന്തര സുരക്ഷാ ഏജന്‍സിക്ക് കൈമാറും. അവരാണ് വിചാരണ നടത്തി കുറ്റക്കാരെ ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങള്‍ക്ക് നല്‍കുക. റഫയില്‍ ഇസ്രായേലി സൈന്യത്തിന്റെ സംരക്ഷണയില്‍ പ്രവര്‍ത്തിക്കുന്ന അബു ശബാബ് സംഘം കീഴടങ്ങണമെന്ന് നേരത്തെ തന്നെ അല്‍ ഖസ്സം ബ്രിഗേഡ്‌സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഫലസ്തീന്‍ ദേശീയതയെ ചതിച്ച അബൂ ശബാബ് സംഘത്തിലെ അംഗങ്ങളെ കൊലപ്പെടുത്തുന്നതില്‍ തടസമില്ലെന്ന് അബു ശബാബ് ഗോത്രം തന്നെ പറഞ്ഞിട്ടുമുണ്ട്. അബൂ ശബാബ് സംഘത്തിന്റെ നേതാക്കളായ യാസറിനെയും റാമി ഹെല്ലിസിനെയും അഹമദ് ജുന്‍ദിയയേയും പിടിക്കാന്‍ പ്രത്യേക സ്‌ക്വോഡുകളുമുണ്ട്.