ഗസയില്‍ ഇസ്രായേല്‍ പരാജയപ്പെട്ടു; ഹമാസ് ലക്ഷ്യങ്ങള്‍ നേടി: ''ജനറല്‍സ് പ്ലാന്‍'' ഉപജ്ഞാതാവ് മേജര്‍ ഗിയോര ഐലാന്‍ഡ്
തെല്‍അവീവ്: വടക്കന്‍ ഗസയിലെ ജനങ്ങളെ ഭക്ഷണവും വെള്ളവും നല്‍കാതെ കൊല്ലണമെന്ന 'ജനറല്‍സ് പ്ലാന്‍' പരാജയപ്പെട്ടെന്ന് പ്ലാനിന്റെ ഉപജ്ഞാതാവായ മേജര്‍ ഗിയോര ഐലാന്‍ഡ്. ഇസ്രായേലിന്റെ അധിനിവേശ ലക്ഷ്യങ്ങളില്‍ ഭൂരിപക്ഷവും പരാജയപ്പെട്ടെന്നും ഹമാസ് അവരുടെ ലക്ഷ്യങ്ങളെല്ലാം നേടിയെന്നും ഗിയോര ഐലാന്‍ഡ് പറഞ്ഞു. ജൂതത്തടവുകാരുടെ കൈമാറ്റം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന പ്രഖ്യാപനം ഹമാസിനുള്ള മേല്‍ക്കൈ വ്യക്തമാക്കുന്നു. തടവുകാര്‍ തിരികെ വരാത്തിടത്തോളം കാലം ഹമാസ് ഇസ്രായേലിനെ മുട്ടില്‍ ഇഴയിക്കും.
അധിനിവേശ സമയത്ത് ഇസ്രായേലിനുണ്ടായിരുന്ന നാലുലക്ഷ്യങ്ങളില്‍ മൂന്നരയെണ്ണം പരാജയപ്പെട്ടെന്നും ഗിയോര ഐലാന്‍ഡ് പറഞ്ഞു. ഹമാസിന്റെ സൈനികശേഷി നശിപ്പിക്കുക, ഹമാസിനെ ഗസയുടെ ഭരണത്തില്‍ നിന്നു പുറത്താക്കുക, ഗസയിലെ തടവുകാരെ തിരികെകൊണ്ടുവരുക എന്നിവയെല്ലാം പരാജയപ്പെട്ടു. മറുവശത്ത്, ഹമാസ് അതിന്റെ എല്ലാ ലക്ഷ്യങ്ങളും നേടി.
'' ഒരു വിഭാഗം സമ്പൂര്‍ണ വിജയം കൈവരിക്കുമ്പോള്‍, പരാജയപ്പെട്ട പക്ഷം ഉപാധികളൊന്നുമില്ലാതെ കീഴടങ്ങും. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനും ജര്‍മനിയും അങ്ങനെയാണ് കീഴടങ്ങിയത്. എന്നാല്‍, വിജയം ഭാഗികമാകുമ്പോള്‍, പരാജയപ്പെട്ട പക്ഷം ഭൂമി ഉപേക്ഷിക്കുകയും നിരായുധീകരിക്കാന്‍ സമ്മതിക്കുകയും സ്ഥാനമൊഴിയുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്യും.''-മേജര്‍ ഗിയോര ഐലാന്‍ഡ് വിശദീകരിച്ചു.
യുദ്ധത്തെ കുറിച്ച്, പ്രത്യേകിച്ച് 21ാം നൂറ്റാണ്ടിലെ യുദ്ധത്തെ കുറിച്ച് ഇസ്രായേലിന് അറിയില്ലെന്നും മേജര്‍ ഗിയോര ഐലാന്‍ഡ് കുറ്റപ്പെടുത്തി. നെതന്യാഹു ഹമാസിനെ വിലകുറച്ചു കണ്ടു. അത് വിജയസാധ്യതകളെല്ലാം ഇല്ലാതാക്കിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഇസ്രായേല്‍ സൈന്യത്തിന്റെ ജനറല്‍ റിസര്‍വ്വില്‍ നിന്നു വിരമിച്ച മേജര്‍ ഗിയോര ഐലാന്‍ഡ് ദേശീയ സുരക്ഷാ സമിതിയുടെ തലവനുമായിരുന്നു. 1973ലെ അറബ് യുദ്ധത്തിലും 1982ലെ ലബ്‌നാന്‍ അധിനിവേശത്തിലും 1976ലെ ഉഗാണ്ട സൈനിക ഓപ്പറേഷനിലും പങ്കെടുത്തിട്ടുണ്ട്. ഗസയില്‍ യുദ്ധക്കുറ്റങ്ങള്‍ക്ക് സമാനമായ നടപടികള്‍ സ്വീകരിക്കണമെന്ന് പല തവണ ഇയാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗസയെ ചുറ്റിവളഞ്ഞ് ഉപരോധിക്കല്‍ അന്താരാഷ്ട്ര നിയമപ്രകാരം കുറ്റകരമല്ലെന്നാണ് ജനറല്‍സ് പ്ലാന്‍ പറയുന്നത്. പ്രദേശത്തെ സാധാരണക്കാര്‍ക്ക് പുറത്തുപോവാന്‍ അവസരം നല്‍കിയ ശേഷം മാത്രമേ ഉപരോധം നടത്താവൂ എന്നാണത്രെ നിയമം പറയുന്നത്. രണ്ടാം മഹാലോകയുദ്ധകാലത്ത് ബ്രിട്ടന്‍ ഇത് നടപ്പാക്കിയിട്ടുണ്ടെന്നും ന്യായം പറയുന്നുണ്ട്.

