ഗസ സിറ്റി: ഗസയില്‍ കുഴപ്പങ്ങളുണ്ടാക്കുന്ന ക്രിമിനല്‍ സംഘങ്ങളെ നേരിടണമെന്ന് വിവിധ ഗോത്രങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇസ്രായേല്‍ ഗസയില്‍ അധിനിവേശം നടത്തുന്നതിനിടയിലുണ്ടായ അവസരങ്ങള്‍ മുതലെടുത്ത് കുറ്റകൃത്യങ്ങള്‍ ചെയ്ത തെമ്മാടികളെ കടുത്ത രീതിയില്‍ ശിക്ഷിക്കണമെന്നാണ് സംയുക്ത പ്രസ്താവനയില്‍ ഗോത്രങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
തെമ്മാടികളുടെ പ്രവര്‍ത്തനങ്ങള്‍ ഫലസ്തീനികളുടെ കഷ്ടപ്പാടുകള്‍ വര്‍ധിപ്പിക്കുകയും സുരക്ഷയ്ക്കും ഉപജീവനത്തിനും വെല്ലുവിളിയാവുകയും ചെയ്തുവെന്ന് പ്രസ്താവന പറയുന്നു. കമസമാധാനം പുനഃസ്ഥാപിക്കുന്നതിനും കുറ്റവാളികളെ തടയുന്നതിനും രാവും പകലും അക്ഷീണം പ്രവര്‍ത്തിക്കുന്ന ഗസയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഗോത്രങ്ങള്‍ പൂര്‍ണപിന്തുണയും പ്രഖ്യാപിച്ചു.
ഗസയില്‍ സ്ഥിരത പുന:സ്ഥാപിക്കുന്നതിനും എല്ലാത്തരം ക്രമക്കേടുകളും അവസാനിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഔദ്യോഗിക പദ്ധതികളെ പിന്തുണയ്ക്കുന്നതിന് ഒന്നിക്കാന്‍ എല്ലാ ഇസ്‌ലാമിക, ദേശീയ വിഭാഗങ്ങളോടും അവര്‍ ആഹ്വാനം ചെയ്തു. ''സാമൂഹിക സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുള്ളവര്‍ക്കുള്ള ഗോത്ര, കുടുംബ സംരക്ഷണവും പിന്‍വലിക്കുകയാണ്. കുറ്റവാളികളെ കണ്ടാല്‍ ഗസ സുരക്ഷാ സേനയ്ക്ക് കൈമാറും. ശത്രുവുമായി സഹകരിച്ചതായോ കുറ്റകൃത്യങ്ങള്‍ ചെയ്തതായോ തെളിയിക്കപ്പെട്ട ആരെയും നിയമനടപടികള്‍ക്കായി ജുഡീഷ്യല്‍ അധികാരികള്‍ക്ക് കൈമാറും.''-ഗോത്രങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ഏതാനും ദിവസമായി ഏകദേശം 70 ഇസ്രായേലി സഹകാരികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുദ്ധകാലത്ത് ഒറ്റുപ്രവര്‍ത്തനങ്ങളും കൊള്ളയും കൊലപാതകങ്ങളും നടത്തിയ കൊടുംകുറ്റവാളികളെ വിചാരണ നടത്തി വധശിക്ഷ നടപ്പാക്കി. വഞ്ചകരെ പിടികൂടാനുള്ള നടപടികള്‍ക്ക് വിവിധ ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളും പിന്തുണ പ്രഖ്യാപിച്ചു. ദേശീയതാല്‍പര്യം സംരക്ഷിക്കാന്‍ കുറ്റവാളികളെ കൈമാറാന്‍ കുടുംബങ്ങളോട് പ്രസ്ഥാനങ്ങള്‍ ആഹ്വാനം ചെയ്തു. 'ഒരു ഒറ്റുകാരനെ പിടിക്കൂ' എന്ന പേരില്‍ ഇത്തരക്കാരെ പിടിക്കാന്‍ ഹമാസ് പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ട്.
ഗസയില്‍ ഹമാസിനെയും ചെറുത്തുനില്‍പ്പു പ്രസ്ഥാനങ്ങളെയും ആക്രമിക്കാന്‍ ഏറ്റവും ചുരുങ്ങിയത് മൂന്നു ക്രിമിനല്‍ സംഘങ്ങളെ ഇസ്രായേല്‍ സ്ഥാപിച്ചിട്ടുള്ളത്. വെടിനിര്‍ത്തലിന് ശേഷം ഇസ്രായേലി സൈന്യം ഗസയുടെ ഓരത്തേക്ക് മാറിയിട്ടുണ്ട്. ഇപ്പോള്‍ ഇസ്രായേലി സൈന്യമുള്ള പ്രദേശത്താണ് മൂന്നു സംഘങ്ങളുമുള്ളത്. അതില്‍ രണ്ടു സംഘങ്ങള്‍ ഇപ്പോള്‍ ഇസ്രായേലി മാധ്യമങ്ങളോടും പ്രതികരിക്കുന്നില്ല. ഖാന്‍ യൂനിസിന് സമീപത്തെ ഇസ്രായേലി സൈനിക ക്യാംപിന് പുറകിലെ കിസന്‍ അന്‍ നജ്ജാര്‍ ഗ്രാമത്തിലാണ് ഹുസം അല്‍ അസ്താല്‍ എന്നയാളുടെ നേതൃത്വത്തിലുള്ള ഒരു സംഘം താവളമടിച്ചിരിക്കുന്നത്. അഷ്റഫ് അല്‍ മന്‍സി എന്നയാളുടെ സംഘം ജബാലിയ, ബെയ്ത്ത് ലാഹിയ എന്നീ പ്രദേശങ്ങളിലാണ് ഒളിച്ചിരിക്കുന്നത്. റഫ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യാസര്‍ അബു ശബാബിന്റെ ചില വീഡിയോകള്‍ മാത്രമാണ് പുറത്തുവന്നത്.
ഗസ മുനമ്പ് ഭരിക്കാന്‍ അനുവദിക്കാമെന്ന് ചില ഗോത്രങ്ങള്‍ക്ക് ഇസ്രായേല്‍ നേരത്തെ വാഗ്ദാനം നല്‍കിയിരുന്നു. ബക്കര്‍, ദുര്‍മുഷ് ഗോത്രങ്ങളോടാണ് ഇസ്രായേലികള്‍ സംസാരിച്ചത്. പകരമായി ഹമാസിനെതിരെ ആയുധമെടുക്കണമെന്നും രഹസ്യവിവരങ്ങള്‍ കൈമാറണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍, ഗോത്രങ്ങള്‍ വിസമ്മതിച്ചു. അതിന് ശേഷം ഗോത്രങ്ങളുടെ അംഗങ്ങളുടെ വീടുകള്‍ക്ക് നേരെ ഇസ്രായേല്‍ കനത്ത വ്യോമാക്രണം നടത്തി. ദുര്‍മുഷ് ഗോത്രത്തിലെ 30 പേര്‍ സബ്ര പ്രദേശത്ത് നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. അല്‍ ഷാത്തി ക്യംാപില്‍ നടത്തിയ ആക്രമണത്തില്‍ ബക്കര്‍ ഗോത്രത്തിലെ ആറു പേര്‍ കൊല്ലപ്പെട്ടു. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. ഹമാസിന് പകരം ഗസ ഭരിക്കാന്‍ ദുര്‍മുഷ് ഗോത്രത്തെയാണ് ഇസ്രായേല്‍ പ്രതീക്ഷിച്ചിരുന്നതെന്ന് 2024ല്‍ ടെലഗ്രാഫ് പത്രം റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഹമാസിനോടാണ് കൂറെന്ന് ഗോത്രം പ്രഖ്യാപിച്ചു. അബൂ ശബാബ്, ദോമഷ്, അല്‍ മജായ്ദ, റാമി ഹെല്ലിസ് എന്നീ ഗോത്രങ്ങളിലെ ചിലരാണ് ഇസ്രായേലിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നത്. ഈ ഗോത്രങ്ങളിലെ ഭൂരിപക്ഷം പേരും ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളോട് കൂറു പ്രഖ്യാപിച്ചവരാണ്. അതിനാല്‍ തന്നെ ഇസ്രായേലികളുമായി സഹകരിക്കുന്ന അംഗങ്ങളെ അവര്‍ പുറത്താക്കിയിട്ടുണ്ട്.

