ഗസ സിറ്റി ഒഴിയില്ലെന്ന് ഗോത്രങ്ങള്‍

Update: 2025-09-08 15:31 GMT

ഗസ സിറ്റി: ഇസ്രായേലിന്റെ അധിനിവേശത്തെ ഭയന്ന് ഗസ സിറ്റിയില്‍ നിന്ന് ഒഴിഞ്ഞുപോവില്ലെന്ന് അറബ് ഗോത്രങ്ങള്‍. ''ഞങ്ങള്‍ ഗസയില്‍ നിന്നും ഒഴിഞ്ഞുപോവില്ല. മരിക്കണമെങ്കില്‍ ഗസയില്‍ മരിക്കും. ഈ മണ്ണില്‍ മറവുചെയ്യപ്പെടും. മരണമാണ് അന്തസ്.''-ഗസ സിറ്റിയിലെ ഗോത്രങ്ങളുടെയും മുതിര്‍ന്നവരുടെയും യോഗത്തിന് ശേഷം നേതാവായ മുഖ്താര്‍ അബു സുലൈമാന്‍ അല്‍ മാഗ്നി പറഞ്ഞു. ''ഗസ വിട്ടുപോയവരും, ഉപേക്ഷിച്ചവരും, അപരിചിതമായ നാടുകളിലേക്ക് പലായനം ചെയ്തവരുമായി ചരിത്രത്തില്‍ നമ്മള്‍ ഓര്‍മ്മിക്കപ്പെടരുത്. ജന്മദേശം ഉപേക്ഷിച്ചാല്‍ നാളെ നമ്മുടെ കുട്ടികള്‍ക്ക് എന്ത് വിശദീകരണം നല്‍കും?.''-അദ്ദേഹം ചോദിച്ചു.

ഫലസ്തീനികള്‍ പര്‍വതത്തോടെ പോലെ ഉറച്ചുനിന്ന് ലോകത്തിന് പ്രതിരോധ ശേഷിയുടെ പാഠങ്ങള്‍ നല്‍കുകയാണെന്ന് മുഖ്താര്‍ അബു ബിലാല്‍ അല്‍-അഖ്‌ലൂക്ക് എന്ന ഗോത്രനേതാവ് പറഞ്ഞു. ''ഗസയില്‍, എല്ലാ മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെട്ടിരിക്കുന്നു, സ്വന്തം മാതൃരാജ്യത്ത് ജീവിക്കാനുള്ള അവിടുത്തെ ജനങ്ങളുടെ അവകാശം ഉള്‍പ്പെടെ. ഗസയിലെ ക്രിസ്ത്യാനികളുടെ ഗസയോടുള്ള കൂറിനെ അദ്ദേഹം പ്രശംസിച്ചു. ഗസയിലെ പള്ളികളുടെ മിനാരങ്ങള്‍ ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ ഗോപുരങ്ങളെ ആലിംഗനം ചെയ്യുകയും ഞങ്ങള്‍ പോകില്ല എന്ന് ഒരുമിച്ച് പ്രഖ്യാപിക്കുകയും ചെയ്യുന്നു''-അദ്ദേഹം പറഞ്ഞു.