ഗസയുടെ പുനര്‍നിര്‍മാണം; അറബ് നേതാക്കളുടെ ചര്‍ച്ച തുടങ്ങി

Update: 2025-03-04 16:53 GMT

കെയ്‌റോ: ഗസയിലെ ഫലസ്തീനികളെ കുടിയൊഴിപ്പിക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആഗ്രഹത്തിന് ബദലായി കൊണ്ടുവന്ന ഗസ പുനര്‍നിര്‍മാണ പദ്ധതി ചര്‍ച്ച ചെയ്യാന്‍ അറബ് രാജ്യങ്ങള്‍ ഈജിപ്തിലെ കെയ്‌റോയില്‍ യോഗം ചേര്‍ന്നു. ഈജിപ്തിന്റെ പ്രസിഡന്റായ അബ്ദുല്‍ ഫത്വാ എല്‍ സീസിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ഖത്തര്‍, സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ലബ്‌നാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും പങ്കെടുക്കുന്നുണ്ട്.


സിറിയന്‍ പ്രസിഡന്റ് അഹമദ് അല്‍ ഷറ, ഫലസ്തീന്‍ അതോറിറ്റി നേതാവ് മഹ്മൂദ് അബാസിനെ കാണുന്നു

ഫലസ്തീനികളെ കുടിയൊഴിപ്പിക്കാതെയുള്ള 53 ബില്യണ്‍ ഡോളറിന്റെ (46,26,04,53,32,600 രൂപ) ഗസ പുനര്‍നിര്‍മാണ പദ്ധതിയാണ് ഈജിപ്ത് മുന്നോട്ടുവച്ചിരിക്കുന്നത്. 2030ഓടെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് ഈജിപ്തിന്റെ പദ്ധതിയുടെ കരട് പറയുന്നത്. ഗസയില്‍ ഇസ്രായേല്‍ ഇട്ട പൊട്ടാത്ത ബോംബുകളും തകര്‍ത്ത കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും നീക്കം ചെയ്യലാണ് പദ്ധതിയുടെ ആദ്യഘട്ടം. പുനര്‍നിര്‍മാണകാലത്ത് ഗസക്കാര്‍ക്ക് താമസിക്കാന്‍ വേണ്ട ടെന്റുകളും സ്ഥാപിക്കും. ഗസയില്‍ ഒരു വിമാനത്താവളവും മല്‍സ്യബന്ധന തുറമുഖവും വാണിജ്യ തുറമുഖവും നിര്‍മിക്കണമെന്നും പദ്ധതി പറയുന്നു.

പുതിയ ഗസയിലെ ഭരണത്തില്‍ നിന്ന് ഹമാസിനെ ഒഴിവാക്കി നിര്‍ത്തണമെന്നും ഈജിപ്തിന്റെ പദ്ധതിയില്‍ നിര്‍ദേശമുണ്ട്. നിലവില്‍ വെസ്റ്റ്ബാങ്ക് ഭരിക്കുന്ന ഫലസ്തീന്‍ അതോറിറ്റിയെ നവീകരിച്ച് ഗസയുടെ ഭരണം ഏല്‍പ്പിക്കുന്നതുവരെ ഇടക്കാല ഭരണസംവിധാനം വേണമെന്നാണ് ശുപാര്‍ശ.

ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെടാതെ യഥാര്‍ത്ഥ സമാധാനം ഉണ്ടാകില്ലെന്ന് ഈജിപ്ത് പ്രസിഡന്റ് പറഞ്ഞു. ഫലസ്തീനികളുടെ ഭൂമിയില്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനും ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിനും എതിരാണെന്ന് ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ പറഞ്ഞു. ഗസയുടെ വീണ്ടെടുക്കലിനും പുനര്‍നിര്‍മ്മാണത്തിനും ശാശ്വത സ്ഥിരതയ്ക്കും അടിത്തറയിടുന്ന വ്യക്തമായ ഒരു രാഷ്ട്രീയ ചട്ടക്കൂട് ആവശ്യമാണെന്ന് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഗസയില്‍ നിന്നും ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിന് എതിരാണെന്ന് ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമനും പറഞ്ഞു. ഗസാ നിവാസികളെ തുടച്ചുമാറ്റാനുള്ള ആഹ്വാനം ലോകം നിരസിച്ചതായി ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു.