അജ്മീര്‍ ദര്‍ഗയില്‍ ചാദര്‍ സമര്‍പ്പിച്ച് ഗൗതം അദാനിയും ഭാര്യയും

Update: 2025-02-16 02:37 GMT

അജ്മീര്‍: രാജസ്ഥാനിലെ പ്രശസ്തമായ അജ്മീര്‍ ദര്‍ഗയില്‍ ചാദര്‍ സമര്‍പ്പിച്ച് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും. ഇന്നലെയാണ് ഇരുവരും ദര്‍ഗയില്‍ എത്തിയത്. ഗൗതം അദാനിക്ക് ഗ്ലോബല്‍ പീസ് പുരസ്‌കാരം നല്‍കിയതായി ദര്‍ഗ കമ്മിറ്റി ചെയര്‍മാന്‍ ഹാജി സയ്യിദ് സല്‍മാന്‍ ചിഷ്തി അറിയിച്ചു. നേരത്തെ കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജുവും ദര്‍ഗയില്‍ എത്തി പ്രാര്‍ത്ഥന നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി കൊടുത്തയച്ച ചാദറുമായാണ് റിജിജു എത്തിയത്.


ശിവക്ഷേത്രം പൊളിച്ചാണ് ദര്‍ഗ നിര്‍മിച്ചതെന്ന ആരോപണവുമായി ഹിന്ദുത്വര്‍ രംഗത്തുള്ള സാഹചര്യത്തിലാണ് അദാനി എത്തിയതെന്നും ശ്രദ്ധേയമാണ്. ദര്‍ഗയില്‍ സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുസേന എന്ന സംഘടനയുടെ നേതാവ് നല്‍കിയ ഹരജിയില്‍ കേന്ദ്രസര്‍ക്കാരിനും മറ്റും 2024 നവംബര്‍ 27ന് സിവില്‍ കോടതി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ ജാമിഅ് മസ്ജിദിലെ സര്‍വ്വെയില്‍ ആറു മുസ്‌ലിം യുവാക്കളെ പോലിസ് വെടിവെച്ചു കൊന്നതിനെ തുടര്‍ന്നുണ്ടായ നിയമനടപടികളില്‍ രാജ്യത്തെ എല്ലാ സര്‍വെകളും നിര്‍ത്തിവെക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.

സുപ്രിംകോടതി ഉത്തരവുണ്ടായിട്ടും ദര്‍ഗകള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുകയാണ്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ താനെയിലെ ഹാജി മലംഗ് ദര്‍ഗയില്‍ ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ആരതി പൂജ നടത്തി. ദര്‍ഗയില്‍ ഉറൂസ് നടക്കുന്നതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയില്‍ മന്ത്രി എത്തിയത്. തുടര്‍ന്ന് ഓം എന്നെഴുതിയ കാവിനിറത്തിലുള്ള ചാദര്‍ പുതപ്പിച്ചു. ഭജനക്കൊപ്പം ആരതി പൂജയും നടത്തി. മന്ത്രിക്കൊപ്പം എത്തിയ സംഘം ജയ്ശ്രീറാം മുദ്രാവാക്യവും വിളിച്ചു.