മംഗളൂരു: സൂറത്ത്കല്ലിലെ ബിജെപി പ്രവര്‍ത്തകന്‍ സുഖാനന്ദ് ഷെട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന് ആരോപിച്ച് മധ്യവയസ്‌കനെ അറസ്റ്റ് ചെയ്തു. അബ്ദുസലാം(47) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ 19 വര്‍ഷമായി അന്വേഷിച്ചുവരുന്നതായി പോലിസ് പറഞ്ഞു. 2006 ഡിസംബര്‍ ഒന്നിനാണ് ഹൊസബെട്ടുവിന് സമീപം സുഖാനന്ദ് ഷെട്ടി കൊല്ലപ്പെട്ടത്. കബീര്‍ എന്നയാളും സംഘവുമാണ് ഷെട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലിസ് പറയുന്നു. ഈ സംഘത്തിന് രക്ഷപ്പെടാന്‍ അബ്ദുസലാം സഹായം നല്‍കിയെന്നാണ് ആരോപണം.
കബീറിനെ അബ്ദു സലാമും സഹോദരന്‍ ലത്തീഫും ചേര്‍ന്ന് ഒളിവില്‍ പാര്‍പ്പിച്ചെന്നും പിന്നീട് കാസര്‍കോടിന് സമീപം വാഹനത്തില്‍ ഇറക്കിവിടുകയും അവിടെ നിന്ന് അയാള്‍ രക്ഷപ്പെട്ടുവെന്നുമാണ് പോലിസ് ആരോപിക്കുന്നത്. ഈ സംഭവത്തിന് ശേഷം അബ്ദുസലാം വിദേശത്ത് പോയെന്നും അവിടെ നിന്ന് ഇപ്പോഴാണ് തിരിച്ചുവന്നതെന്നും പോലിസ് അറിയിച്ചു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, നവംബര്‍ 18ന് രാത്രി 8 മണിയോടെ ബാജ് പെ പോലിസ് കിന്നിപ്പടവില്‍
നിന്നാണ് അബ്ദുസലാമിനെ അറസ്റ്റ് ചെയ്തത്. അബ്ദുസലാമിന്റെ സഹോദരന്‍ ലത്തീഫ് വിദേശത്ത് തുടരുകയാണെന്നും ഇപ്പോഴും ഒളിവിലാണെന്നും പോലിസ് അവകാശപ്പെട്ടു. സുഖാനന്ദ് ഷെട്ടി കൊലക്കേസില്‍ ആരോപണ വിധേയരായ 16 പേരെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റു പതിനൊന്ന് പേരെ കുറിച്ച് വിവരങ്ങളൊന്നുമില്ല.