ഇറാന്‍ കീഴടങ്ങണമെന്ന ട്രംപിന്റെ ആവശ്യം കോമാളിത്തരം: സയ്യിദ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി
സന്‍ആ: ഇസ്രായേലിന്റെ ആക്രമണം പ്രദേശത്ത് വലിയ യുദ്ധങ്ങള്‍ക്ക് കാരണമാവുമെന്ന് യെമനിലെ അന്‍സാറുല്ല പ്രസ്ഥാനത്തിന്റെ നേതാവായ സയ്യിദ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി. ഇറാന്റെ ആണവപദ്ധതികളുടെ പേരിലാണ് ആക്രമണങ്ങള്‍ നടക്കുന്നത്. സ്വന്തമായി ആണവായുധങ്ങളുള്ളതും അത് ഉപയോഗിച്ചിട്ടുളളതുമായ യുഎസാണ് അത് നടത്തുന്നത്. ക്രിമിനല്‍ സ്വഭാവമുള്ള ഇസ്രായേലിന്റെ ആണവായുധങ്ങളാണ് ആദ്യമായി ഇല്ലാതാക്കേണ്ടത്.
ഇസ്രായേലിനെതിരെ ഇറാന്‍ നടത്തിയ പ്രത്യാക്രമണങ്ങള്‍ ഇസ്രായേലിനെ ഇതുവരെ നേരിടാത്ത പ്രതിസന്ധിയില്‍ എത്തിച്ചു. ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്ന ട്രംപിന്റെ പ്രസ്താവനയെ അല്‍ ഹൂത്തി പരിഹസിച്ചു. ട്രംപിന്റെ പതിവ് കോമാളിത്തരത്തിന് അപ്പുറം അതിനെ കാണേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്രായേല്‍ വ്യോമാതിര്‍ത്തി ലംഘിക്കുന്നില്ലെന്ന് ഇറാഖ് ഉറപ്പുവരുത്തണമെന്നും അല്‍ ഹൂത്തി ആവശ്യപ്പെട്ടു. ജോര്‍ദാന്‍, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തി ഉപയോഗിച്ചാണ് ഇസ്രായേല്‍ ഇറാനില്‍ ആക്രമണം നടത്തുന്നത്. സംഘര്‍ഷത്തില്‍ പങ്കെടുക്കില്ലെന്നാണ് ചില രാജ്യങ്ങള്‍ പറയുന്നത്. പക്ഷേ, അവരുടെ വ്യോമാതിര്‍ത്തി ഇസ്രായേല്‍ ഉപയോഗിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.