പാരിസ്: പടിഞ്ഞാറന്‍ ഫ്രാന്‍സില്‍ കഴിഞ്ഞ 25 വര്‍ഷക്കാലയളവില്‍ 299 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഡോക്ടറെ 20 വര്‍ഷം തടവിന് ശിക്ഷിച്ചു. സര്‍ക്കാര്‍ ആശുപത്രിയിലെ സര്‍ജനായിരുന്ന ജോയല്‍ ലെ കൗര്‍ണെകിനെയാണ് ശിക്ഷിച്ചത്. ശസ്ത്രക്രിയക്കായി ബോധം കെടുത്തിയ കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നത്.
താന്‍ നിന്ദ്യമായ കുറ്റങ്ങള്‍ ചെയ്തതായി നിലവില്‍ 75 വയസുള്ള പ്രതി കോടതിയില്‍ സമ്മതിച്ചു. അയല്‍ക്കാരിയായ കുട്ടിയെ പീഡിപ്പിച്ചതിന് 15 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെയാണ് മറ്റു കേസുകളില്‍ ശിക്ഷിച്ചത്.
കുട്ടികളെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തതിന് 2005ല്‍ ഇയാളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. പീഡോഫീലിയ നിരീക്ഷിക്കുന്ന യുഎസ് ഏജന്‍സികളുടെ റിപോര്‍ട്ടിനെ തുടര്‍ന്ന് ഫ്രഞ്ച് പോലിസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലായത്. ഈ കേസില്‍ നാലുമാസം തടവിന് ശിക്ഷിച്ചു. പക്ഷേ, ഇയാളുടെ ഡോക്ടര്‍ ലൈസന്‍സ് റദ്ദാക്കിയില്ല. അതിനാല്‍ തന്നെ ഇയാള്‍ ആശുപത്രികളില്‍ ഡോക്ടറായി തുടര്‍ന്നു. അയല്‍ക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന സംശയത്തില്‍ 2017ല്‍ അറസ്റ്റ് ചെയ്തപ്പോഴാണ് ഇയാളുടെ ക്രൂരകൃത്യങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നത്. താന്‍ പീഡിപ്പിച്ച എല്ലാ കുട്ടികളുടെയും വിവരങ്ങളും ഇയാള്‍ ഡയറിയില്‍ രേഖപ്പടുത്തിയിരുന്നു. ഈ ഡയറിയുടെ അടിസ്ഥാനത്തിലാണ് പോലിസ് അന്വേഷണം നടത്തിയത്. താന്‍ പീഡോഫൈലാണെന്നും കുറ്റം ചെയ്‌തെന്നും പ്രതി കോടതിയില്‍ സമ്മതിക്കുകയും ചെയ്തു.