സെനെഗലില്‍ നിന്ന് പുറത്തുപോവുകയാണെന്ന് ഫ്രാന്‍സ്; അവസാന സൈനികതാവളം ഉടന്‍ കൈമാറും
ധക്കാര്‍: ആഫ്രിക്കന്‍ രാജ്യമായ സെനെഗലില്‍ കഴിഞ്ഞ 65 വര്‍ഷമായി സ്ഥാപിച്ച സൈനിക ക്യാംപുകളെല്ലാം സെനെഗലിന് തന്നെ തിരിച്ചു നല്‍കുമെന്ന് ഫ്രാന്‍സ്. സെനെഗലില്‍ വിന്യസിച്ച 350 സൈനികരും തിരിച്ച് ഫ്രാന്‍സിലേക്ക് പോവും. ഫ്രഞ്ച് സൈനികരെ 2025ല്‍ പിന്‍വലിക്കണമെന്ന് സെനെഗല്‍ പ്രസിഡന്റ് ബാസിറൂ ദിയോമായെ ഫായെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബുര്‍ക്കിനോ ഫാസോ, മാലി, നൈജര്‍ എന്നീ രാജ്യങ്ങളെ പോലെ ഫ്രാന്‍സുമായുള്ള ബന്ധം പൂര്‍ണമായും സെനെഗല്‍ നിര്‍ത്തില്ലെന്നും പ്രസിഡന്റ് പറയുകയുണ്ടായി. സെനെഗല്‍ തലസ്ഥാനമായ ധക്കാറില്‍ നടക്കാനിരിക്കുന്ന പരിപാടിയില്‍ ക്യാംപ് ഗീലി എന്ന പ്രധാന സൈനികതാവളം ഫ്രഞ്ച് അധികൃതര്‍ സെനെഗല്‍ അധികൃതര്‍ക്ക് കൈമാറും.
ഇതോടെ പടിഞ്ഞാറന്‍ ആഫ്രിക്കയിലും മധ്യ ആഫ്രിക്കയിലും ഫ്രാന്‍സിന് സ്ഥിരം സൈനികത്താവളങ്ങളുണ്ടാവില്ല. ഐവറി കോസ്റ്റിലെ അവസാന സൈനികതാവളം ഫെബ്രുവരിയില്‍ ഫ്രാന്‍സ് തിരികെ നല്‍കിയിരുന്നു. ഛാഡിലെ താവളം കഴിഞ്ഞ മാസവും കൈമാറി. ബുര്‍ക്കിനോ ഫാസോ, നൈജര്‍, മാലി എന്നീ പ്രദേശങ്ങളിലെ ഭരണമാറ്റം മൂലം സൈനികത്താവളങ്ങള്‍ ഫ്രാന്‍സിന് നഷ്ടമായിരുന്നു. തങ്ങളെ അടിമകളാക്കി വച്ചവരുമായി ഒരു ബന്ധവും പുലര്‍ത്തില്ലെന്നാണ് ആ രാജ്യങ്ങളുടെ തീരുമാനം. വടക്കുകിഴക്കേ ആഫ്രിക്കയിലെ ജിബൂത്തിയില്‍ മാത്രമാണ് ഇനി ഫ്രാന്‍സിന് സ്ഥിരം സൈനികതാവളമുണ്ടാവുക.
അവിടെ ഏകദേശം 1,500 സൈനികരെ കൂടി വിന്യസിക്കാനാണ് ഫ്രാന്‍സിന്റെ പദ്ധതി. ജിബൂത്തി കേന്ദ്രമാക്കി ആഫ്രിക്കയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് ശ്രമം.

