ജാതിരഹിത കേരളമെന്ന പൊതുബോധത്തിലേക്കാണ് നിധിന്‍രാജിന്റെ മരണം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

Update: 2026-04-12 08:42 GMT

കോഴിക്കോട്: ജാതിയില്ലാ കേരളമെന്ന പൊതുബോധത്തിലേക്കാണ് നിധിന്‍രാജിന്റെ മരണം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂര്‍. അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലേക്ക് നാളെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മാര്‍ച്ച് നടത്തുമെന്നും പ്രസ്താവനയില്‍ അറിയിച്ചു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ വംശീയ ജാതി വിവേചനങ്ങളെ തടയിടാന്‍ രോഹിത് ആക്ട് നടപ്പിലാക്കണമെന്ന ആവശ്യം മുന്നോട്ട് വെക്കുമ്പോഴെല്ലാം കേരളത്തിലെ പുരോഗമന പക്ഷമെന്ന് നടിക്കുന്നവര്‍ ജാതി രഹിത കേരളമെന്ന സവര്‍ണ നാട്യം കൊണ്ടാണ് നിരന്തരം അതിനെ നേരിട്ടിരുന്നത്. ജാതിയില്ലാ കേരളമെന്ന വംശീയ പൊതുബോധത്തിലേക്കാണ് കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ ജാതിവിവേചനത്താല്‍ ജീവത്യാഗം ചെയ്ത ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ചോദ്യശരങ്ങള്‍ തൊടുത്തു വിട്ടിരിക്കുന്നത്.

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ അധ്യാപകരായ ഡോ. റാം, ഡോ.സംഗീത എന്നിവരുടെ ഭാഗത്ത് നിന്നുണ്ടായ നിരന്തരമായ ജാതി വിവേചനമാണ് നിധിന്‍ രാജിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന കുടുംബത്തിന്റെ പരാതിയെത്തുടര്‍ന്ന് ഈ അധ്യാപകരെ നിലവില്‍ അന്യേഷണവിധേയമായി സസ്പന്‍ഡ് ചെയ്തിരിക്കുകയാണ്. തന്റെ മകനെ ഡോ.റാം പുഴുത്ത പട്ടി എന്നടക്കം വിളിച്ചധിക്ഷേപിച്ചിട്ടുണ്ടെന്നാണ് നിധിന്‍ രാജിന്റെ അച്ഛന്‍ വെളിപ്പെടുത്തുന്നത്. ഈ വെളിപ്പെടുത്തലുകള്‍ എല്ലാം പുറത്ത് വരുന്ന നിമിഷങ്ങളിലെ കേവല നടപടികള്‍ക്കപ്പുറം പൊതുബോധ നിശബ്ദതയോടൊപ്പം ഇവയെല്ലാം തേയ്ച്ച് മായ്ക്കപ്പെടുകയും കുറ്റക്കാര്‍ സംരക്ഷിക്കപ്പെടുകയും ചെയ്യും എന്നത് തന്നെയാണ് എം.ജി സര്‍വകലാശാലയില്‍ ജാതിവിവേചനത്തിരയായ ഗവേഷക വിദ്യാര്‍ത്ഥി ദീപ പി മോഹനന്റെയും കേരള സര്‍വ്വകലാശാല കാര്യവട്ടം കാമ്പസില്‍ ജാതി വിവേചനം നേരിട്ട ഗവേഷക വിദ്യാര്‍ത്ഥി വിപിന്‍ വിജയന്റെയുമെല്ലാം അനുഭവങ്ങളുടെ തുടര്‍നടപടികള്‍ ചൂണ്ടിക്കാട്ടുന്നത്.

Tags: