പാരിസ്: സെപ്റ്റംബറില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാന്‍സ്. ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ആയിരിക്കും പ്രഖ്യാപനം. ഗസയിലെ യുദ്ധം അവസാനിക്കലും മാനുഷികസഹായം എത്തിക്കലുമാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആവശ്യമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ പറഞ്ഞു. പശ്ചിമേഷ്യയില്‍ യഥാര്‍ത്ഥ സമാധാനമുണ്ടാവാന്‍ ഫലസ്തീന്‍ രാഷ്ട്രം അനിവാര്യമാണ്. അത് ചരിത്രപരമായ ഉത്തരവാദിത്തവുമാണ്. ഫലസ്തീന്‍ അതോറിറ്റി മാക്രോണിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. എന്നാല്‍, തൂഫാനുല്‍ അഖ്‌സ നടത്തിയ ഹമാസിന് ഫ്രാന്‍സ് നല്‍കുന്ന സമ്മാനമാണ് ഇതെന്ന് ഇസ്രായേല്‍ കുറ്റപ്പെടുത്തി. ഫലസ്തീനികള്‍ ഇസ്രായേലിന് ഒപ്പം ജീവിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. അവര്‍ ഇസ്രായേലിന് അടുത്ത് ഒരു രാഷ്ട്രം ആഗ്രഹിക്കുന്നില്ല. അവര്‍ ഇസ്രായേലിന് പകരം ഒരു രാഷ്ട്രമാണ് ആഗ്രഹിക്കുന്നതെന്നും നെതന്യാഹു പറഞ്ഞു.
ഫ്രാന്‍സിന്റെ പ്രഖ്യാപനത്തെ ഹമാസ് സ്വാഗതം ചെയ്തു. മറ്റു രാജ്യങ്ങളെ ഫ്രാന്‍സിനെ പിന്തുടരാന്‍ ഹമാസ് ആഹ്വാനം ചെയ്തു. ജി7 രാജ്യങ്ങളില്‍ ഫലസ്തീനെ അംഗീകരിക്കുന്ന ആദ്യ രാജ്യമാവും ഫ്രാന്‍സ്. കാനഡ, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യുകെ, യുഎസ് എന്നിവരാണ് ജി7നിലെ മറ്റുരാജ്യങ്ങള്‍. നിലവില്‍ യുഎന്നിലെ 193 അംഗരാജ്യങ്ങളില്‍ 140 പേര്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളായ സ്‌പെയ്‌നും അയര്‍ലാന്‍ഡും അതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, ഇസ്രായേലിന്റെ പ്രധാന സഖ്യകക്ഷികളായ യുഎസും യുകെയും അംഗീകരിച്ചിട്ടില്ല. ഗസയിലെ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ജര്‍മനിയുമായും ഫ്രാന്‍സുമായും ചര്‍ച്ച നടത്തുമെന്ന് യുകെ പ്രധാനമന്ത്രി കീര്‍ സ്റ്റാമര്‍ ഇന്നലെ പറഞ്ഞിരുന്നു. ഫലസ്തീനികള്‍ക്ക് രാഷ്ട്രം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വെടിനിര്‍ത്തല്‍ നടപ്പാവുന്നത് ദ്വിരാഷ്ട്ര പരിഹാരത്തിന് കാരണമാവുമെന്നും അദ്ദേഹം സൂചന നല്‍കി.
