കല്‍പറ്റ: വയനാട്ടില്‍ കുഴല്‍പ്പണം തട്ടിയെടുക്കാന്‍ ശ്രമിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി. വൈത്തിരി സ്റ്റേഷനിലെ നാലു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. വൈത്തിരി സ്റ്റേഷന്‍ എസ്എച്ച്ഒ അനില്‍കുമാര്‍, എഎസ്‌ഐ ബിനീഷ്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ അബ്ദുല്‍ ഷുക്കൂര്‍, അബ്ദുള്‍ മജീദ് എന്നിവരെയാണ് ഐജി സസ്‌പെന്‍ഡ് ചെയ്തത്. ഈ മാസം 15നാണ് പോലിസുകാര്‍ കുഴല്‍പ്പണം തട്ടിയെടുക്കാന്‍ ശ്രമിച്ചത്. മലപ്പുറം സ്വദേശികള്‍ക്ക് കൈമാറാനായി ചുണ്ടേല്‍ സ്വദേശി കൊണ്ടുവന്ന 3.3 ലക്ഷം രൂപയാണ് പോലിസ് പിടിച്ചെടുത്തത്. എന്നാല്‍, പിന്നീട് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുകയോ പണത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയോ ഉണ്ടായില്ല. ഇതിനു പിന്നാലെ ചുണ്ടേല്‍ സ്വദേശിയായ യുവാവ് ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി ബോധ്യപ്പെടുകയായിരുന്നു.