''ഫലസ്തീന്‍, വെനുസ്വേല'' കൊളംബിയയിലെ യുഎസ് എംബസിക്ക് മുന്നില്‍ വന്‍ പ്രതിഷേധം (വീഡിയോ)
ബൊഗോട്ട: ഫലസ്തീന്‍ വിഷയത്തിലെയും വെനുസ്വേല വിഷയത്തിലെയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ച് കൊളംബിയയിലെ യുഎസ് എംബസിക്ക് മുന്നില്‍ വന്‍ പ്രതിഷേധം. ബൊഗോട്ടയിലെ എംബസിക്ക് മുന്നില്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് എന്ന സംഘടനയാണ് പ്രതിഷേധിച്ചത്. എംബസിക്ക് നേരെ അമ്പുകള്‍ അയച്ച പ്രതിഷേധക്കാര്‍ സ്‌ഫോടക വസ്തുക്കളും വിക്ഷേപിച്ചു. യുഎസിന്റെയും ഇസ്രായേലിന്റെയും പതാകകളും അവര്‍ കത്തിച്ചു. പ്രതിഷേധത്തില്‍ നാലു പോലിസുകാര്‍ക്ക് പരിക്കേറ്റു.
ലാറ്റിന്‍ അമേരിക്കയുടെ പരമാധികാരം സംരക്ഷിക്കാനാണ് പ്രതിഷേധമെന്ന് പീപ്പിള്‍സ് കോണ്‍ഗ്രസ് വക്താവ് ജിമ്മി മൊറീനോ പറഞ്ഞു. ''ഫലസ്തീനികളുടെ വംശഹത്യയില്‍ യുഎസിന് പങ്കാളിത്തമുണ്ട്. ലാറ്റിന്‍ അമേരിക്കയിലെ യുഎസ് ഇടപെടലുകള്‍ അനുവദിക്കില്ല. ഇപ്പോള്‍ കരീബിയനില്‍ യുഎസ് അധിനിവേശം നടത്തുന്നു. വെനുസ്വേലയില്‍ അട്ടിമറിക്ക് പ്രവര്‍ത്തിക്കുന്നു.''-അതിനെല്ലാമെതിരെയാണ് പ്രതിഷേധം. യുഎസ് ഭരണകൂടത്തിനെതിരെ ആഗോളതലത്തില്‍ സാമ്രാജ്യത്വ വിരുദ്ധ മുന്നണി രൂപീകരിക്കാന്‍ കൊളംബിയന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ജിമ്മി മൊറീനോ ആവശ്യപ്പെട്ടു.
വെനുസ്വേലയിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി ഐഎക്ക് നിര്‍ദേശം നല്‍കിയതായി കഴിഞ്ഞ ദിവസം ട്രംപ് വെളിപ്പെടുത്തിയിരുന്നു. നിക്കോളാസ് മധുറോയുടെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനാണ് നിര്‍ദേശം.