തെല്‍അവീവ്: ഖാന്‍ യൂനിസില്‍ കഴിഞ്ഞ ദിവസം ഹമാസ് നടത്തിയ ആക്രമണം ഗസയിലെ യുദ്ധത്തിന്റെ സ്വഭാവത്തിലെ മാറ്റം വെളിപ്പെടുത്തുന്നതാണെന്ന് ഇസ്രായേലി സൈന്യത്തിലെ മുന്‍ ജനറല്‍മാര്‍. ഇസ്രായേലി സൈന്യം രണ്ടുവര്‍ഷത്തോളമായി നടത്തുന്ന അധിനിവേശത്തെ നേരിടാന്‍ വേണ്ട രീതിയില്‍ ഹമാസ് അതിന്റെ തന്ത്രങ്ങള്‍ മാറ്റിയതായാണ് മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നത്. ഖാന്‍ യൂനിസിലെ ആക്രമണത്തില്‍ മോര്‍ട്ടാറുകളും സ്‌ഫോടകവസ്തുക്കളും ഉപയോഗിച്ച് മെര്‍ക്കാവ ടാങ്കുകളും മറ്റും കവചിത സൈനികവാഹനങ്ങളും തകര്‍ത്തു. കൂടാതെ തൊട്ടടുത്ത് നിന്ന് വെടിയുതിര്‍ക്കുകയും ചെയ്തു.
ഹമാസ് പുനസംഘടിപ്പിക്കപ്പെട്ടെന്നും ആക്രമണങ്ങള്‍ക്ക് മുന്‍ കൈ എടുക്കുന്നുവെന്നും ഇസ്രായേലി സൈന്യത്തിലെ വിരമിച്ച മേജര്‍ ജനറല്‍ ഇസ്രായേല്‍ സീവ് പറഞ്ഞു. '' ഹമാസ് പുനസംഘടിക്കുകയാണ്. ഇത് പുതിയ ഹമാസാണ്. ആദ്യകാലത്തെ പോലെ ഗറില്ലാ യുദ്ധത്തിലാണ് അവര്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.'' -അദ്ദേഹം വിശദീകരിച്ചു. ഇസ്രായേലി അധിനിവേശം തുടങ്ങിയ കാലത്ത് ഹമാസിന്റെ അല്‍ഖസ്സം ബ്രിഗേഡ്‌സില്‍ 40,000 സായുധപോരാളികളുണ്ടായിരുന്നുവെന്നും ഇപ്പോഴും അത്രയും പേരുണ്ടെന്നും വിരമിച്ച മേജര്‍ ജനറല്‍ യിഷാക് ബ്രിക്ക് പറഞ്ഞു. '' ഹമാസ് ഒരു സ്റ്റാന്റിങ് ആര്‍മിയല്ല. അതൊരു ഗറില്ലാ സൈന്യമാണ്. അതിനാല്‍ തന്നെ അവരുടെ സൈനികശേഷി ഇല്ലാതായിട്ടില്ല.''-അദ്ദേഹം പറഞ്ഞു.
ഹമാസിനെ തകര്‍ത്ത് തടവുകാരെ തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞ് ആരംഭിച്ച അധിനിവേശം ഇതുവരെയും വിജയിച്ചിട്ടില്ലെന്ന് തന്നെയാണ് ഇസ്രായേലിന്റെ വിലയിരുത്തല്‍. അതിനാലാണ് ഗസയെ നരകമാക്കുമെന്നും വീണ്ടും പ്രഖ്യാപനമുണ്ടായിരിക്കുന്നത്.
