ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തിലെ മീന്‍മുട്ടി നരിക്കടവിലെ വനംവകുപ്പിന്റെ ക്യാംപ് ആക്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. വിവിധ ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് ആറളം പോലിസ് നടത്തിയ അന്വേഷണത്തിലാണ് സഹോദരങ്ങളായ അനീഷ് (31), വിനോദ് എന്ന ഏലിയാസ് പക്രു (27) എന്നിവര്‍ പിടിയിലായിരിക്കുന്നത്. 2024 ഡിസംബര്‍ രണ്ടിനും പതിനാന്നിനും ഇടയിലായിരുന്നു ക്യാംപ് ആക്രമിക്കപ്പെട്ടത്.
ഓഫിസിന്റെ ഗെയിറ്റ് തകര്‍ത്ത് ഉള്ളില്‍ കയറിയ ഇരുവരും ജീവനക്കാരുടെ മുറിയിലെ കിടക്കകള്‍ വലിച്ച് പുറത്തേക്ക് എറിയുകയും ഓഫിസിനു മുന്നിലെ പ്രവര്‍ത്തന ക്ഷമമല്ലാത്ത നിരീക്ഷണ ക്യാമറ വലിച്ച് പൊട്ടിക്കുകയും വയറിങ്ങും സ്വിച്ച് ബോര്‍ഡുകളും സോളാര്‍ പാനലും ബാറ്ററിയും നശിപ്പിക്കുകയും ചെയ്തിരുന്നു. മാവോവാദികളാവാം ആക്രമണത്തിന് പിന്നിലെന്നാണ് പോലിസ് ആദ്യം കരുതിയത്. എന്നാല്‍, ചുവരില്‍ അക്രമികള്‍ വരച്ച ചിത്രങ്ങള്‍ മാറിചിന്തിക്കാന്‍ പോലിസിനെ പ്രേരിപ്പിച്ചു.
ഇതിന് ശേഷമാണ് പ്രദേശത്തെ ആദിവാസി കോളനികളിലേക്ക് അന്വേഷണം എത്തിയത്. ഇരുവരും മദ്യപിച്ച് വീട്ടിലും നാട്ടിലും ബഹളമുണ്ടാക്കുകയും അലഞ്ഞു തിരിഞ്ഞു നടക്കുന്നവരുമാണെന്നും ഇടയ്ക്കിടെ കാട്ടിലും മറ്റും കയറുന്നവരാണെന്നും രഹസ്യ വിവരം ലഭിച്ചു. എന്നാല്‍, വീരാജ്‌പേട്ടയിലും മറ്റും തൊഴിലിനു പോകാറുള്ള ഇവരെ കണ്ടെത്താന്‍ പോലിസിന് കഴിഞ്ഞില്ല. ഇരുവരും മദ്യപിച്ച് ബഹളം വക്കുന്നതായി ഞായറാഴ്ച്ച പോലിസിന് വിവരം ലഭിച്ചു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്തു സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നു. മദ്യത്തിന്റെ ലഹരി ഇറങ്ങിയ ശേഷം തിങ്കളാഴ്ച്ചയാണ് ചോദ്യം ചെയ്തത്. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇരുവരെയും റിമാന്‍ഡ് ചെയ്തു.
