കാട്ടാനകളെ ബാധിക്കും; സീപ്ലെയിന്‍ പദ്ധതിക്കെതിരേ വനംവകുപ്പ്

ജലാശയത്തില്‍ വിമാനമിറങ്ങുന്നത് ആനകളുടെ സഞ്ചാരത്തിന് തടസ്സമാകും. മറ്റ് വന്യജീവികളുടെ സൈ്വരവിഹാരത്തിനും ഇത് തടസ്സം സൃഷ്ടിക്കും.

Update: 2024-11-15 04:10 GMT

മൂന്നാര്‍: സംസ്ഥാന സര്‍ക്കാരിന്റെ സീപ്ലെയിന്‍ മാട്ടുപ്പട്ടിയില്‍ ഇറക്കുന്നതിനെതിരെ വനംവകുപ്പ്. മൂന്നാര്‍ ഡിഎഫ്ഒ ഇന്‍ ചാര്‍ജ് ജോബ് ജെ നേര്യംപറമ്പില്‍ കലക്ടര്‍ക്ക് കത്ത് നല്‍കി. പ്രദേശം കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമാണെന്നും പദ്ധതി മനുഷ്യ-വന്യമൃഗ സംഘര്‍ഷം വര്‍ധിപ്പിക്കുമെന്നുമാണ് കത്തില്‍ പറയുന്നത്.

സീ പ്ലെയിന്‍ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മാട്ടുപ്പട്ടി ജലാശയം വനമേഖലയ്ക്ക് സമീപത്താണെന്ന് കത്ത് പറയുന്നു. ആനമുടി ഷോല ദേശീയോദ്യാനത്തില്‍നിന്ന് 3.5 കിലോമീറ്റര്‍ ആകാശദൂരം മാത്രമാണുള്ളത്. പാമ്പാടുംഷോല ദേശീയോദ്യാനം, കുറിഞ്ഞിമല ഉദ്യാനം തുടങ്ങിയ പരിസ്ഥിതിദുര്‍ബല മേഖലകളും ജലാശയത്തില്‍നിന്ന് അധികം അകലെയല്ല.

കാട്ടാനകളുടെ ആവാസകേന്ദ്രമായ കണ്ണന്‍ ദേവന്‍ ഹില്‍സ് റിസര്‍വ് ജലാശയത്തിന് സമീപത്താണ്. വൃഷ്ടിപ്രദേശത്ത് സദാസമയവും കാട്ടാനകളുടെ സാന്നിധ്യമുണ്ട്. ആനകള്‍ ജലാശയം മുറിച്ചുകടന്ന് ദേശീയോദ്യാനങ്ങളിലേക്ക് സഞ്ചരിക്കുന്നതും പതിവാണ്.

ജലാശയത്തില്‍ വിമാനമിറങ്ങുന്നത് ആനകളുടെ സഞ്ചാരത്തിന് തടസ്സമാകും. മറ്റ് വന്യജീവികളുടെ സൈ്വരവിഹാരത്തിനും ഇത് തടസ്സം സൃഷ്ടിക്കും. സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിന് ദേശീയ വന്യജീവി ബോര്‍ഡിന്റെ അംഗീകാരത്തോടെയുള്ള ലഘൂകരണ പദ്ധതി പ്രദേശത്ത് നിര്‍ബന്ധമായും നടപ്പാക്കണമെന്നും കത്തില്‍ വനംവകുപ്പ് പറയുന്നു.

Tags: