ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചതിന് തെളിവില്ലെന്ന് ഫോറന്‍സിക് റിപോര്‍ട്ട്

Update: 2025-12-22 05:28 GMT

കൊച്ചി: സിനിമാ നടന്‍ ഷൈന്‍ ടോം ചാക്കോ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചെന്ന പോലിസ് വാദം തള്ളി ഫോറന്‍സിക് റിപോര്‍ട്ട്. പരിശോധനക്കായി ഷൈന്‍ ടോം ചാക്കോയുടെ നഖം, മുടി എന്നിവ അന്വേഷണസംഘം ശേഖരിച്ചിരുന്നു. എന്നാല്‍, ഷൈന്‍ ലഹരിവസ്തുക്കള്‍ ഉപയോഗിച്ചതിന് തെളിവില്ലെന്നാണ് ഫോറന്‍സിക് പരിശോധനാ ഫലം പറയുന്നത്. ഇതോടെ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ നിലനില്‍പ്പ് സംശയത്തിലായി.

ലഹരി പരിശോധനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രിലിലാണ് ഡാന്‍സാഫ് സംഘം കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ എത്തിയത്. ഇതിനിടെയാണ് ഷൈന്‍ ടോം ചാക്കോ ഇറങ്ങി ഓടിയത്. ഇതിന്റെ സിസിടിവി ദൃശ്യവും പുറത്തുവന്നിരുന്നു. ഇതിനുശേഷം താരത്തെ നോട്ടീസ് നല്‍കി വിളിപ്പിക്കുകയും കേസെടുക്കുകയും ചെയ്തു. അന്ന് നടന്റെ സുഹൃത്തായ അഹമ്മദ് മുര്‍ഷിദ് എന്നയളേയും അറസ്റ്റ് ചെയ്തശേഷം വിട്ടയച്ചിരുന്നു. ലഹരി ഉപയോഗം, ഗൂഢാലോചന എന്നീ വകുപ്പുകളാണ് ഷൈനിനെതിരെ ചുമത്തിയിരുന്നത്.