വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ബംഗ്ലാദേശ് ജമാഅത്തെ ഇസ് ലാമി അമീറുമായി കൂടിക്കാഴ്ച നടത്തി
ധാക്ക: ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ബംഗ്ലാദേശ് പ്രതിപക്ഷ നേതാവും ജമാഅത്തെ ഇസ്ലാമി അമീറുമായ ഡോ. ഷഫീഖുര്‍ റഹ്‌മാനുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞക്ക് പിന്നാലെയായിരുന്നു കൂടിക്കാഴ്ച. വിക്രം മിസ്രി ജമാഅത്തെ ഇസ്ലാമി അമീര്‍ ഷഫീഖുര്‍ റഹ്‌മാനെ സ്വാഗതം ചെയ്യുകയും ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും ശക്തമായ ഉഭയകക്ഷി ബന്ധം തുടരുമെന്ന് അമീര്‍ പറഞ്ഞു.
മറ്റു വിദേശ പ്രതിനിധികളും അമീറുമായി കൂടിക്കാഴ്ച്ച നടത്തി. ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് തോബ്ഗേ, തുര്‍ക്കി ഉപവിദേശകാര്യ മന്ത്രി ബെറിസ് എകിഞ്ചി, പാകിസ്താന്‍ ആസൂത്രണ മന്ത്രി അഹ്‌സാന്‍ ഇഖ്ബാല്‍, നേപ്പാള്‍ വിദേശകാര്യ മന്ത്രി ബാലാനന്ദ ശര്‍മ്മ, ബ്രിട്ടനിലെ ഇന്‍ഡോ-പസഫിക് മന്ത്രി സീമ മല്‍ഹോത്ര തുടങ്ങിയവരാണ് ഷഫീഖുര്‍ റഹ്‌മാനെ സന്ദര്‍ശിച്ചത്.
വിദേശ പ്രതിനിധികള്‍ ഷഫീഖുര്‍ റഹ്‌മാനെ കാണുകയും പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റെടുത്തതിന് അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തതായി ജമാഅത്തെ ഇസ്ലാമി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഷഫീഖുര്‍ റഹ്‌മാനുമായി പ്രത്യേക കൂടിക്കാഴ്ചകളാണ് വിദേശ പ്രതിനിധികള്‍ നടത്തിയത്. ഉഭയകക്ഷി സഹകരണം, പ്രാദേശിക വികസനം ഉള്‍പ്പെടെയുള്ള പരസ്പര താല്‍പ്പര്യമുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. അതേസമയം ബംഗ്ലദേശ് പ്രധാനമന്ത്രിയായി ബംഗ്ലദേശ് നാഷനലിസ്റ്റ് പാര്‍ട്ടി ചെയര്‍മാന്‍ താരിഖ് റഹ്‌മാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചൊവ്വാഴ്ച നാല് മണിയോടെയാണ് ബിഎന്‍പി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത്.
നേരത്തേ പാര്‍ലമെന്ററി നേതാവായി താരിഖ് റഹ്‌മാനെ ബിഎന്‍പി തെരഞ്ഞെടുത്തിരുന്നു. ബംഗ്ലദേശ് പാര്‍ലമെന്റിലെ 297 സീറ്റുകളില്‍ 209 സീറ്റുകള്‍ നേടിയാണ് ബിഎന്‍പി അധികാരം നേടിയത്. ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി 68 സീറ്റുകള്‍ നേടിയപ്പോള്‍ നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി ആറ് സീറ്റുകളും സ്വന്തമാക്കിയിരുന്നു.
