തെഹ്‌റാന്‍: ഇറാനെ ആക്രമിച്ച യുഎസിനെതിരേ എല്ലാ ശക്തിയും ഉപയോഗിക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. സമാധാനപരമായ ആണവ കേന്ദ്രങ്ങള്‍ക്കെതിരായ അമേരിക്കയുടെ ക്രൂരമായ സൈനിക ആക്രമണത്തെ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഈ നികൃഷ്ടമായ ആക്രമണത്തിന്റെയും ഹീനമായ കുറ്റകൃത്യത്തിന്റെയും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് യുഎസിലെ യുദ്ധക്കൊതിയന്‍മാരും സയണിസ്റ്റ് ഭരണകൂടവുമാണ് ഉത്തരവാദി. ഐക്യരാഷ്ട്രസഭാ അംഗമായ ഒരു രാജ്യത്തിന്റെ പരമാധികാരത്തില്‍ വംശഹത്യാഭരണകുടവുമായി ചേര്‍ന്ന് യുഎസ് നടത്തിയ ആക്രമണം അവരുടെ വിദേശനയത്തിന്റെ ക്രൂരതയാണ് വെളിപ്പെടുത്തുന്നത്. ഇറാന്റെ ഭൂപരമായ അവകാശം, പരമാധികാരം, സുരക്ഷ എന്നിവ സംരക്ഷിക്കാന്‍ എല്ലാ ശക്തിയും മാര്‍ഗവും ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആണവനിലയങ്ങള്‍ക്കെതിരായ ആക്രമണം ഇറാനെതിരെ യുദ്ധം ആസൂത്രണം ചെയ്യുന്നതിലും നടത്തുന്നതിലും സയണിസ്റ്റ് ഭരണകൂടവുമായുള്ള യുഎസിന്റെ കുറ്റകരമായ പങ്കാളിത്തം തുറന്നുകാട്ടുന്നു. യുഎന്‍ സുരക്ഷാ സമിതി അംഗമായ യുഎസ് നടത്തിയ ആക്രമണം മറ്റുരാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കണമെന്ന യുഎന്‍ ചാര്‍ട്ടറുകളുടെയും ആണവനിര്‍വ്യാപന തത്വങ്ങളുടെയും ലംഘനമാണ്.
ഇത്തരം പ്രകടമായ ആക്രമണങ്ങള്‍ക്ക് മുന്നില്‍ മൗനം പാലിക്കുന്നത് ലോകത്തെ അഭൂതപൂര്‍വമായ അപകടത്തിലേക്കും കുഴപ്പത്തിലേക്കും തള്ളിവിടും. ഇറാനെതിരായ അമേരിക്കയുടെ ഈ ക്രിമിനല്‍ ആക്രമണത്തെ അസന്ദിഗ്ധമായി അപലപിക്കുന്നതിനും ഐക്യരാഷ്ട്രസഭയുടെ അടിസ്ഥാന തത്വങ്ങളുടെയും അന്താരാഷ്ട്ര നിയമ മാനദണ്ഡങ്ങളുടെയും ഗുരുതരമായ ലംഘനത്തിന് അമേരിക്കയെ ഉത്തരവാദിയാക്കുന്നതിനും യുഎന്‍ സുരക്ഷാസമിതി അടിയന്തര സമ്മേളനം വിളിച്ചുചേര്‍ക്കണം.
യുദ്ധക്കൊതിയന്മാരായ കക്ഷികള്‍ക്ക് അനുകൂലമായ വ്യക്തമായ പക്ഷപാതം കാണിച്ച്, ഈ സമീപകാല ദുരന്തത്തിന് വഴിയൊരുക്കിയ ഐഎഇഎയുടെയും അതിന്റെ ഡയറക്ടര്‍ ജനറലിന്റെയും ഉത്തരവാദിത്തം വ്യക്തമാണെന്നും പ്രസ്താവന പറയുന്നു.
