25,000 രൂപ തിരികെ നല്‍കാത്തതിന് ആദിവാസി കുടുംബത്തെ അടിമയാക്കിയ ആള്‍ അറസ്റ്റില്‍; 'ജാമ്യമായ' ഒമ്പതുകാരന്‍ മരിച്ചു
അമരാവതി: കടം വാങ്ങിയ 25,000 രൂപ തിരികെ നല്‍കാത്തതിന് ആദിവാസി സ്ത്രീയേയും മൂന്നു കുട്ടികളെയും അടിമയാക്കിയ താറാവ് വളര്‍ത്തുകാരന്‍ അറസ്റ്റില്‍. പണം നല്‍കുന്നതിന് 'ജാമ്യമായി' നിര്‍ത്തിയ ഒമ്പതുകാരന്‍ പ്രതിയുടെ തടങ്കലില്‍ ഇരിക്കെ മരിച്ചതായും പോലിസ് അറിയിച്ചു. ആന്ധ്രപ്രദേശിലെ തിരുപ്പതിയിലാണ് സംഭവം.
യനാദി ആദിവാസി ഗോത്രത്തില്‍ നിന്നുള്ള അനകമ്മയും ഭര്‍ത്താവ് ചെഞ്ചയ്യയും മൂന്നു മക്കളും ഒരു വര്‍ഷമാണ് താറാവ് വളര്‍ത്തലുകാരന്റെ കീഴില്‍ ജോലിയെടുത്തത്. അതിനിടെ ചെഞ്ചയ്യ മരിച്ചു. പിന്നീട് അനകമ്മയേയും മക്കളെയും കൊണ്ട് പണിയെടുപ്പിച്ചു. ഭര്‍ത്താവ് 25,000 രൂപ കടമായി വാങ്ങിയിട്ടുണ്ടെന്നും അത് തിരിച്ചു നല്‍കിയാലേ വിടൂയെന്നാണ് പ്രതി പറഞ്ഞത്. 25,000 രൂപ മുതലിന് പുറമെ 20,000 രൂപ പലിശയായും ആവശ്യപ്പെട്ടു. പത്ത് ദിവസത്തിനുള്ളില്‍ പണം നല്‍കാമെന്ന് പറഞ്ഞ് ഏപ്രില്‍ 12ന് അനകമ്മ താറാവ് കേന്ദ്രത്തില്‍ നിന്ന് പോയി. ഒമ്പതുകാരനായ മകനെ 'ജാമ്യം' നിര്‍ത്തേണ്ടി വന്നിരുന്നു.
ഏപ്രില്‍ അവസാനത്തോടെ പണം സംഘടിപ്പിച്ച അനകമ്മ ഫാമിലെത്തി. പക്ഷേ, കുട്ടി ഓടിപ്പോയെന്നാണ് പ്രതി പറഞ്ഞത്. തുടര്‍ന്ന് ആദിവാസി നേതാക്കളുടെ സഹായത്തോടെ അനകമ്മ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടി അപസ്മാരം മൂലം മരിച്ചെന്നും താന്‍ കുഴിച്ചിട്ടെന്നും പ്രതി പറഞ്ഞു. തമിഴ്‌നാട്ടിലെ കാഞ്ചിപുരത്തെ വനപ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് വന്നാലെ കൂടുതല്‍ വിവരം പുറത്തുവരൂയെനന് പോലിസ് പറഞ്ഞു.