നാടുവിടാന്‍ നിര്‍ബന്ധിതരായ 300 ആദിവാസികള്‍ സ്വന്തം ഭൂമിയിലെത്തി; 11 വര്‍ഷത്തിന് ശേഷമാണ് തിരിച്ചുവരവ്
ഗാന്ധിനഗര്‍: കോദാവരി ആദിവാസി വിഭാഗങ്ങളിലെ 300 പേര്‍ ഇന്നലെ ഗുജറാത്തിലെ ബാണക്ഷത ജില്ലയിലെ മോതാ പിപോദാര ഗ്രാമത്തില്‍ പ്രവേശിച്ചു. നീണ്ട 11 വര്‍ഷത്തിന് ശേഷമാണ് 29 കുടുംബങ്ങളിലെ അംഗങ്ങള്‍ ഗ്രാമത്തില്‍ തിരികെയെത്തിയത്. ചദോതരു എന്ന ആചാര രീതി മൂലമാണ് കഴിഞ്ഞ ഒരു വ്യാഴവട്ടം അവര്‍ മറ്റു പ്രദേശങ്ങളില്‍ ജീവിച്ചിരുന്നത്. തിരിച്ചെത്തിയവര്‍ക്ക് അവരുടെ കൃഷിഭൂമി പോലിസ് തിരികെ നല്‍കി. എട്ടര ഏക്കര്‍ ഭൂമിയാണ് നല്‍കിയത്. പുതിയ വീടുകളും വച്ചു നല്‍കും.
2014ല്‍ ധാബി എന്ന ആദിവാസി വിഭാഗത്തിലെ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. കോദാവരി ആദിവാസി ഗ്രാമത്തിലെ യുവാവാണ് ആരോപണ വിധേയന്‍. രണ്ടു മാര്‍ഗങ്ങളാണ് ഈ കൊലക്കുറ്റത്തില്‍ നിന്നും രക്ഷപ്പെടാന്‍ യുവാവിനുണ്ടായിരുന്നത്. ബ്ലഡ് മണി നല്‍കുക അല്ലെങ്കില്‍ പ്രതിയുടെ കുടുംബങ്ങള്‍ മൊത്തം ചദോതരു എന്ന ആചാരരീതി പ്രകാരം നാടുവിടുക. അങ്ങനെയാണ് പ്രതിയുമായി അടുത്തബന്ധമില്ലാത്തവര്‍ അടക്കമുള്ള കുടുംബങ്ങള്‍ നാടുവിടേണ്ടി വന്നത്.
നാടുവിട്ടവരെല്ലാം ഗുജറാത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പാടങ്ങളിലും രത്‌ന ഫാക്ടറികളിലും ജോലി ചെയ്തുവരുകയായിരുന്നു. ഒരു രത്‌ന ഫാക്ടറിയിലെ ജീവനക്കാരനുമായി പോലിസ് ഉദ്യോഗസ്ഥനായ സുമന്‍ നാള നടത്തിയ സംഭാഷണമാണ് പ്രശ്‌നപരിഹാരത്തിലേക്ക് നയിച്ചത്. ധാബി വിഭാഗവുമായി ചര്‍ച്ച നടത്തിയ ശേഷമാണ് 300 പേരെയും ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്ന് സുമന്‍ നാള പറഞ്ഞു. ഗ്രാമത്തിലേക്ക് റോഡ് നിര്‍മിക്കാന്‍ അനുമതി നല്‍കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള രീതിയാണ് ചദോതരു. തര്‍ക്കമുള്ള വിഭാഗങ്ങളുടെ നേതാക്കള്‍ തമ്മില്‍ സംസാരിച്ച് പ്രശ്‌നപരിഹാരമുണ്ടാക്കുന്ന രീതിയാണിത്.
