ഡല്‍ഹി വിമാനത്താവളത്തിന് സമീപം വിമാനങ്ങള്‍ ജിപിഎസ് സ്പൂഫിങിന് ഇരയായെന്ന് സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ കഴിഞ്ഞ വര്‍ഷം ജിപിഎസ് സ്പൂഫിംഗ് നേരിടേണ്ടി വന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡുവാണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങളുടെ വ്യാപ്തിയും അവ പരിഹരിക്കാനെടുക്കുന്ന നടപടികളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. 2023 നവംബറില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ജിപിഎസ് ജാമിംഗ് അല്ലെങ്കില്‍ സ്പൂഫിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നിര്‍ബന്ധമാക്കിയിരുന്നു. ഇതിനുശേഷം, രാജ്യത്തെ ചില പ്രധാന വിമാനത്താവളങ്ങളില്‍ നിന്നും പതിവായി റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൊല്‍ക്കത്ത, അമൃത്സര്‍, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വന്നിറങ്ങുകയായിരുന്ന ചില വിമാനങ്ങള്‍, റണ്‍വേ 10-ല്‍ ഉപഗ്രഹാധിഷ്ഠിത ലാന്‍ഡിംഗ് സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ജിപിഎസ് സ്പൂഫിംഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നതായി നായിഡു പറഞ്ഞു. പരമ്പരാഗത ഗ്രൗണ്ട് നാവിഗേഷന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന മറ്റ് റണ്‍വേകളിലെ പ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജിപിഎസ് ഘടിപ്പിച്ച വിമാനത്തിന്റെ റിസീവറുകള്‍ക്ക് തെറ്റായ ജിപിഎസ് സിഗ്നലുകള്‍ നല്‍കി തെറ്റായ സ്ഥലവും സമയവും ഡാറ്റയും നല്‍കുന്ന സൈബര്‍ ആക്രമണമാണ് ജിപിഎസ് സ്പൂഫിങ്. പ്രത്യേകം സോഫ്റ്റ്‌വെയറോ ഹാര്‍ഡ് വെയറോ ഉപയോഗിച്ചാണ് ഇത് ചെയ്യുക. യഥാര്‍ത്ഥ സാറ്റലൈറ്റ് സിഗ്നലുകള്‍ക്ക് സമാനമായ സിഗ്നലാണ് ഇവ നല്‍കുക. ഭൂമിയില്‍ സ്ഥാപിച്ച ട്രാന്‍സ്മിറ്ററുകള്‍ ഉപയോഗിച്ചും ഇത് ചെയ്യാം. ബഹിരാകാശത്തെ ഉപഗ്രഹങ്ങളില്‍ നിന്നും വരുന്ന ദുര്‍ബലമായ സിഗ്നലുകളെക്കാള്‍ ശക്തമായിരിക്കും ഈ വ്യാജ സിഗ്നലുകള്‍. വിമാനത്തിന്റെ റിസീവറുകള്‍ ശക്തമായ സിഗ്നലുകളായിരിക്കും സ്വീകരിക്കുക.
