ഇസ്രായേലില്‍ രഹസ്യരേഖ ചോര്‍ന്നു; നെതന്യാഹുവിന്റെ സഹായി അടക്കം അഞ്ചു പേര്‍ അറസ്റ്റില്‍
രഹസ്യരേഖ ചോര്‍ത്തിയത് വെടിനിര്‍ത്തലും ബന്ദിമോചനവും അട്ടിമറിക്കാനാണെന്നാണ് പോലിസ് ആരോപിക്കുന്നു.
തെല്‍അവീവ്: ഗസവെടിനിര്‍ത്തലും ബന്ദിമോചനവുമായി ബന്ധപ്പെട്ട രഹസ്യരേഖ ചോര്‍ത്തിയതിന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സഹായി അടക്കം അഞ്ചു പേരെ ഇസ്രായേലി പോലിസ് അറസ്റ്റ് ചെയ്തു. രഹസ്യരേഖ ചോര്‍ത്തിയത് വെടിനിര്‍ത്തലും ബന്ദിമോചനവും അട്ടിമറിക്കാനാണെന്നാണ് പോലിസ് ആരോപിക്കുന്നു.
നെതന്യാഹുവിന്റെ സഹായിയായ എലിസര്‍ ഫെല്‍ഡ്‌സ്റ്റൈനും ഒരു സൈനിക ഉദ്യോഗസ്ഥനും അടക്കം അഞ്ചു പേരാണ് അറസ്റ്റിലായിരിക്കുന്നത്. സൈന്യത്തിന്റെ കംപ്യൂട്ടറില്‍ നിന്ന് രഹസ്യരേഖകള്‍ ചോര്‍ത്തി വിദേശമാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാണ് ഇവര്‍ക്കെതിരേ കോടതിയില്‍ നല്‍കിയ കുറ്റപത്രം പറയുന്നത്. ഇത് ഗസയിലെ ബന്ദികളെ മോചിപ്പിക്കുന്നതില്‍ നിന്ന് ഇസ്രായേലിനെ തടയാന്‍ കാരണമായെന്നാണ് അനുമാനം.
അതേസമയം, ഓഫിസില്‍ നിന്ന് രേഖകള്‍ ചോര്‍ന്നെന്ന ആരോപണം നെതന്യാഹുവിന്റെ ഓഫിസ് നിഷേധിച്ചു. ബന്ദിമോചനം തടയാന്‍ നെതന്യാഹു ഗൂഡാലോചന നടത്തിയതായി പ്രതിപക്ഷ നേതാവായ യൈര്‍ ലാപിഡ് ആരോപിച്ചു. ഹമാസുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം പ്രശ്‌നങ്ങള്‍ വഷളാക്കുകയാണ് നെതന്യാഹു ചെയ്യുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.