ജനിച്ച് അഞ്ചാം ദിവസം കുഞ്ഞിന് പാസ്‌പോര്‍ട്ട്; ഐസിയുവില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ച് ഉദ്യോഗസ്ഥര്‍

Update: 2026-01-09 02:13 GMT

കൊച്ചി: മാസം തികയാതെ പിറന്ന കുഞ്ഞിന് അഞ്ചാം ദിവസം പാസ്പോര്‍ട്ട് നല്‍കി കൊച്ചി റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫീസ്. ബിഹാര്‍ മധുബനി സ്വദേശികളായ മുഹമ്മദ് തന്‍വീര്‍ ആലത്തിന്റെയും ഗസാല അഫ്രോസ് ജഹാന്റെയും മകന്‍ അബ്ദുള്‍ റഹ്‌മാന്‍ തന്‍വീറിനാണ് പാസ്പോര്‍ട്ട് നല്‍കിയത്. സൗദിയിലെ കിങ് ഫഹദ് യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആന്‍ഡ് മിനറല്‍സില്‍ ഉദ്യോഗസ്ഥനാണ് മുഹമ്മദ് തന്‍വീര്‍. സൗദിയിലെ സ്‌കൂള്‍ അധ്യാപികയാണ് ഗസാല. വിവാഹം കഴിഞ്ഞ് 16 വര്‍ഷമായിട്ടും കുട്ടികള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് സൗദിയിലെ മലയാളി സുഹൃത്തിന്റെ ഉപദേശപ്രകാരമാണ് ഇരുവരും കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ചികില്‍സയെ തുടര്‍ന്ന് ഡിസംബര്‍ 20ന് മകന്‍ ജനിച്ചു. പക്ഷെ, ഗര്‍ഭകാലം വെറും 33 ആഴ്ചയായിരുന്നു.  അതിനാല്‍ ജനിച്ചത് മുതല്‍ കുഞ്ഞ് എന്‍ഐസിയുവിലാണ്. കുഞ്ഞിന് പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയതോടെ കൊച്ചി റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ചു. അഞ്ച് ദിവസംകൊണ്ട് പാസ്പോര്‍ട്ട് നല്‍കി. കൊച്ചി റീജണല്‍ ഓഫീസിനു കീഴിലുള്ള ആലുവ പാസ്പോര്‍ട്ട് ഓഫീസിലാണ് മുഹമ്മദ് തന്‍വീര്‍ മകന്റെ പാസ്പോര്‍ട്ടിനായി അപേക്ഷ നല്‍കിയത്. അസി. പാസ്പോര്‍ട്ട് ഓഫീസര്‍ ഷിബു ജോണിന്റെ നേതൃത്വത്തിലാണ് വിവരം കൊച്ചിയില്‍ അറിയിച്ചത്. റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ പി ആര്‍ ദിപിന്റെ നിര്‍ദേശത്തില്‍ തുടര്‍നടപടി സ്വീകരിച്ച് കുഞ്ഞിന് പാസ്പോര്‍ട്ട് അനുവദിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയാല്‍ കുടുംബം സൗദിയിലേക്ക് പോവും.