മതപരിവര്‍ത്തന നിരോധന നിയമം ലംഘിച്ചെന്ന്; ഉത്തര്‍പ്രദേശില്‍ മലയാളികളായ ക്രിസ്ത്യന്‍ ദമ്പതികളെ അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചു

ആദിവാസികളെയും ദലിതുകളെയും മതംമാറ്റാന്‍ ദമ്പതികള്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ബിജെപി നേതാവ് നല്‍കിയ പരാതിയില്‍ എടുത്ത കേസിലാണ് ഇരുവരെയും ശിക്ഷിച്ചിരിക്കുന്നത്.

Update: 2025-01-24 15:14 GMT

ലഖ്‌നോ: നിര്‍ബന്ധിത മതപരിവര്‍ത്ത നിരോധനനിയമം ലംഘിച്ചെന്നാരോപിച്ച് മലയാളികളായ ക്രിസ്ത്യന്‍ ദമ്പതികളെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചു. പത്തനംതിട്ട സ്വദേശികളായ പാസ്റ്റര്‍ ജോസ് പാപ്പച്ചന്‍, ഭാര്യ ഷീജ പാപ്പച്ചന്‍ എന്നിവരെയാണ് ജനുവരി 22ന് ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗര്‍ ജില്ലയിലെ പ്രത്യേക കോടതി ശിക്ഷിച്ചിരിക്കുന്നത്. ഇരുവരും 25,000 രൂപ വീതം പിഴയും അടയ്ക്കണം.

മതപരിവര്‍ത്തനം നടത്തിയെന്ന സംശയത്തിന്റെ പേരില്‍ ഇത് ആദ്യമായാണ് കോടതി ആരെയെങ്കിലും ശിക്ഷിക്കുന്നതെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ദേശീയ കോര്‍ഡിനേറ്റര്‍ എ സി മൈക്കിള്‍ പറഞ്ഞു. വിചാരണക്കോടതി വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആദിവാസികളെയും ദലിതുകളെയും മതംമാറ്റാന്‍ ദമ്പതികള്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ബിജെപി നേതാവ് നല്‍കിയ പരാതിയില്‍ എടുത്ത കേസിലാണ് ഇരുവരെയും ശിക്ഷിച്ചിരിക്കുന്നത്. കേസില്‍ ജാമ്യം ലഭിക്കുന്നതിന് മുമ്പ് ഇരുവരും എട്ടുമാസം ജയിലില്‍ കിടന്നിരുന്നു. ബൈബിള്‍ വിതരണം ചെയ്യുക, കുട്ടികളെ പഠിപ്പിക്കുക, പൊതു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിവ മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നതിന് തുല്യമല്ലെന്ന് ജാമ്യം നല്‍കിയ വിധിയില്‍ ഹൈക്കോടതി പറഞ്ഞിരുന്നു.

2024ല്‍ ഉത്തര്‍പ്രദേശില്‍ ക്രിസ്ത്യാനികള്‍ക്കെതിരേ 209 അതിക്രമങ്ങള്‍ നടന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. മതപരിവര്‍ത്തന നിരോധനനിയമം ലംഘിച്ചെന്ന് ആരോപിച്ച് ഏറ്റവും കുറഞ്ഞത് 70 പാസ്റ്റര്‍മാര്‍ ജയിലിലുണ്ട്. വര്‍ധിച്ചുവരുന്ന അതിക്രമവും നിശബ്ദതയും ഭീഷണിയാണെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ പ്രസ്താവന പറയുന്നു.

Tags: