തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേയുള്ള ആദ്യ ബലാത്സംഗ കേസില്‍ പുതിയ ആരോപണങ്ങളുമായി പരാതിക്കാരി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെയും രാഹുല്‍ പീഡിപ്പിച്ചെന്ന ആരോപണമാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. താന്‍ നേരിട്ടത് ക്രൂര ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി നഗ്‌നവീഡിയോ ചിത്രീകരിച്ചുവെന്നും യുവതി ആരോപിക്കുന്നുണ്ട്. '' വീഡിയോ ഇപ്പോഴും രാഹുലിന്റെ കൈവശമുണ്ട്. മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ നഗ്‌നദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭയക്കുന്നു. അധികാരവും സ്വാധീനവുമുള്ള രാഹുലിന് ജാമ്യം നല്‍കുന്നത് ഇനി മുന്നോട്ടു വരാനുള്ള പരാതിക്കാരെ നിശ്ശബ്ദരാക്കും.''-പരാതിക്കാരി ആരോപിച്ചു.
ഗര്‍ഭഛിദ്രം നടത്തിയത് ഭീഷണിപ്പെടുത്തിയാണെന്നും പരാതിക്കാരി ആരോപിക്കുന്നു. ''രാഹുലിന്റെ സുഹൃത്ത് ജോബി എത്തിച്ച ഗുളികകള്‍ കഴിച്ചത് വീഡിയോ കോളില്‍ കണ്ട് രാഹുല്‍ ഉറപ്പാക്കി. രാഹുല്‍ മറ്റുള്ളവരുടെ വേദനയില്‍ സന്തോഷിക്കുന്ന ഗുരുതരമായ മനോവൈകൃതമുള്ളയാളുമാണ്. പത്തോളം പീഡന കേസുകളെപ്പറ്റി അന്വേഷണസംഘത്തിന് വിവരമുണ്ട്. അതില്‍ ഒന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ്.''-പരാതിക്കാരി ആരോപിക്കുന്നു. നേമം പോലിസ് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തളളിയിരുന്നു. തുടര്‍ന്നാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.
