തൃത്താലയില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ തീപിടിത്തം; മേല്‍ക്കൂരയില്‍ പാതി കത്തിയ വിറകുകൊള്ളി, പോലിസില്‍ പരാതി നല്‍കി അധികൃതര്‍
പാലക്കാട്: തൃത്താല ഡോ. കെ ബി മേനോന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തില്‍ തീപിടിത്തം. പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷ നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ സ്‌കൂള്‍ ഓഫിസിന് പിന്‍വശത്തെ ബസ് ഷഡിന്റെ മുകളിലാണ് തീ പടര്‍ന്ന് പിടിച്ചത്. ഉടന്‍ തന്നെ സ്‌കൂളിലെ പ്രധാനാധ്യാപകനായ രാജേഷ് രാമചന്ദ്രനും ഓഫീസ് അറ്റന്‍ഡര്‍ അബ്ദുള്‍ കബീറും പരിസരവാസികളും ചേര്‍ന്ന് വെള്ളമൊഴിച്ച് തീ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരാതെ തടയാന്‍ ശ്രമിച്ചു. അതിനിടെ മേല്‍ക്കൂരയില്‍ പാതികത്തിയ നിലയില്‍ ഒരു വിറക് കഷണം കണ്ടെത്തി. ഈ പ്രദേശത്ത് കരിയിലകള്‍ കൂട്ടിയിട്ട് കത്തിച്ചതായും കണ്ടെത്തി. ഇവിടെ മൂന്നംഗസംഘത്തെ ദുരൂഹസാഹചര്യത്തില്‍ കണ്ടതായി ഒരു വയോധികനും പറഞ്ഞു. ഇതോടെ സ്‌കൂള്‍ അധികൃതര്‍ പോലിസില്‍ പരാതി നല്‍കി.