ടാറ്റാനഗര്‍-എറണാകുളം എക്സ്പ്രസിലെ രണ്ട് കോച്ചുകളില്‍ തീപിടിത്തം; ഒരുമരണം
വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ ട്രെയിനിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. ടാറ്റാനഗര്‍-എറണാകുളം എക്സ്പ്രസിലെ രണ്ട് കോച്ചുകള്‍ക്കാണ് തീപിടിച്ചത്. വിശാഖപട്ടണത്തിന് സമീപം അനക്കപ്പള്ളിയിലാണ് അപകടമുണ്ടായത്. ഇന്നു പുലര്‍ച്ചെ 12.45-ഓടെ ട്രെയിനിലെ രണ്ട് എസി കോച്ചുകളിലാണ് തീപ്പിടിത്തമുണ്ടായതെന്നാണ് വിവരം. ഇതില്‍ ഒരുകോച്ചില്‍ 82 യാത്രക്കാരും രണ്ടാമത്തെ കോച്ചില്‍ 76 യാത്രക്കാരുമുണ്ടായിരുന്നു. തീപ്പിടിത്തമുണ്ടായ കോച്ചില്‍ തീയണച്ചശേഷം നടത്തിയ പരിശോധനയിലാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞതായും ചന്ദ്രശേഖര്‍ സുബ്രഹ്‌മണ്യം എന്നാണ് ഇയാളുടെ പേരെന്നും പോലിസ് പറഞ്ഞു. ബി1 കോച്ചില്‍നിന്നാണ് യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തിയത്. തീപ്പിടിത്തമുണ്ടായ രണ്ട് കോച്ചുകള്‍ ട്രെയിനില്‍നിന്ന് വേര്‍പ്പെടുത്തി. യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് അയക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു.