താമരശ്ശേരിയില്‍ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം
കോഴിക്കോട്: താമരശ്ശേരിക്ക് സമീപം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം. വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. പ്ലാന്റും കെട്ടിടവും പിക്കപ്പ് വാനും കത്തിനശിച്ചു. ഓഫീസ് ഉള്‍പ്പെടുന്ന മൂന്നു നില കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. അഗ്‌നിശമനാ സേനാംഗങ്ങള്‍ എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീ നിയന്ത്രണവിധേയമാണെന്നാണ് അഗ്‌നിരക്ഷാസേന അധികൃതര്‍ അറിയിക്കുന്നത്. തൊട്ടടുത്തുള്ള കെട്ടിടത്തിലും തീപ്പിടിച്ചിട്ടുണ്ട്. തീപ്പിടത്തമുണ്ടായത് എങ്ങനെയാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. വിശദമായ പരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരുകയുള്ളൂ. നിലവില്‍ ആറ് ഫയര്‍ ഫോഴ്സ് യൂണിറ്റുകളാണ് സ്ഥലത്തുള്ളത്. ഇരുപതില്‍ അധികം കിലോമീറ്റര്‍ അകലെയുള്ള മുക്കം, നരിക്കുനി എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ ഫോഴ്‌സ് വാഹനങ്ങള്‍ എത്താന്‍ മുക്കാല്‍ മണിക്കൂറില്‍ അധികം സമയമെടുത്തു.