കോഴിക്കോട്‌ ജയലക്ഷ്മി സില്‍ക്സിലെ തീപിടിത്തം: ജില്ലാ ഫയര്‍ ഓഫിസര്‍ ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും

Update: 2026-02-18 02:28 GMT

കോഴിക്കോട്: പാളയം ജയലക്ഷ്മി സില്‍ക്സിലെ തീപിടിത്തത്തില്‍ ജില്ലാ ഫയര്‍ ഓഫിസര്‍ ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ആദ്യം തീ എവിടെയാണ് പടര്‍ന്നതെന്ന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഈ റിപ്പോര്‍ട്ട് പ്രകാരം ആയിരിക്കും തുടര്‍ പരിശോധനയും അന്വേഷണവും നടക്കുക. ഇന്നലെ വൈകുന്നേരം അഞ്ചേ മുക്കാലോടെയാണ് വസ്ത്രാലയത്തില്‍ തീ പടര്‍ന്നത്. തീ പിടിത്തതില്‍ കോടികളുടെ നഷ്ടം ഉണ്ടായെന്നാണ് കരുതുന്നത്. വിഷു- റംസാന്‍ പെരുന്നാള്‍ വിപണി ലക്ഷ്യമാക്കി ഒരുക്കിയ സ്റ്റോക്ക് അടക്കം കത്തി നശിച്ചു.

ജയലക്ഷ്മി സില്‍ക്‌സിന്റെ രണ്ട് നിലകളും പൂര്‍ണമായി അഗ്നിക്കിരയായിട്ടുണ്ട്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രാത്രി പത്ത് മണിയോടെയാണ് തീ അണക്കാനായത്. അപകട കാരണം ഷോര്‍ട് സര്‍ക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം.

ജയലക്ഷ്മി സില്‍ക്‌സിന്റെ രണ്ടും മൂന്നും നിലകളിലാണ് തീ പിടുത്തം ഉണ്ടായത്. പുക ഉയരുന്നത് കണ്ടതോടെ, വസ്ത്രം വാങ്ങാന്‍ വന്നവരും, ജീവനക്കാരും പുറത്തേക്ക് ഓടുകയായിരുന്നു. പിന്നാലെ ഫയര്‍ഫോഴ്‌സിന്റെ അഞ്ച് യൂണിറ്റ് എത്തി തീ അണക്കാന്‍ ആരംഭിച്ചു. തീ പടര്‍ന്നതോടെ കരിപ്പൂരില്‍ നിന്നും അത്യാധുനിക ഫയര്‍ എഞ്ചിനും എത്തിച്ചു. റമദാന്‍ വിപണി ലക്ഷ്യമിട്ട് വലിയ അളവില്‍ വസ്ത്രങ്ങള്‍ ഗോഡൗണില്‍ സ്റ്റോക്ക് ചെയ്തിരുന്നു. 2023 ഏപ്രിലിലും ജയ്‌ലക്ഷ്മിയില്‍ തീ പിടിച്ചിരുന്നു.

Tags: