ഉത്തരാഖണ്ഡില്‍ സിഖ് സഹോദരങ്ങള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം (വീഡിയോ)

Update: 2025-03-03 15:48 GMT

ഋഷികേശ്: ഉത്തരാഖണ്ഡിലെ ഋഷികേശില്‍ ബിസിനസുകാരായ സിഖ് സഹോദരന്‍മാരെ ആള്‍ക്കൂട്ടം ആക്രമിച്ചു. സിഖുകാരായ സഹോദരങ്ങള്‍ നടത്തുന്ന റോയല്‍ എന്‍ഫീല്‍ഡ് ഏജന്‍സിയില്‍ അതിക്രമിച്ചു കയറിയ സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്. അക്രമികള്‍ സിഖുകാരുടെ ശിരോവസ്ത്രം ബലമായി ഊരുകയും മുടി അലങ്കോലമാക്കുകയും ചെയ്തു. പ്രദേശത്തെ ഒരു കോണ്‍ഗ്രസ് കൗണ്‍സിലര്‍ കാലങ്ങളായി സിഖ് സഹോദരന്‍മാരെ ഉപദ്രവിക്കുകയാണെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഇയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.

അക്രമികള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) ആവശ്യപ്പെട്ടു. കുറ്റവാളികള്‍ക്കെതിരെ മതനിന്ദാ കുറ്റവും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എസ്ജിപിസി ചീഫ് സെക്രട്ടറി കുല്‍വന്ത് സിങ് മാന്നാന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പുഷ്‌കര്‍ സിങ് ധാമിക്ക് കത്തെഴുതി. ശിരോവസ്ത്രം ഊരിയ നടപടി സിഖ് മതവിശ്വാസത്തിന് എതിരായ നടപടിയാണെന്നും സിഖുകാരുടെ അന്തസില്‍ തൊട്ടുള്ള പ്രവൃത്തിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.