മൈസൂരു: ഇദ്‌റീസ് പാഷയെന്ന യുവാവിനെ തല്ലിക്കൊന്ന കേസിലെ പ്രതിയായ ഹിന്ദുത്വ പ്രവര്‍ത്തകന്‍ പുനീത് കേരഹള്ളിക്ക് വധഭീഷണി. പുനീത് കേരഹള്ളി ഉദയഗിരി പോലിസില്‍ പരാതി നല്‍കി. സംഭവത്തില്‍ അക്രം ഖാന്‍ എന്ന യുവാവിനെതിരെ കേസെടുത്തതായി പോലിസ് അറിയിച്ചു. ഇദ്‌റീസ് പാഷയുടെ കൊലപാതകത്തിന് പ്രതികാരമായി തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഒരു വാട്ട്‌സ്ആപ്പ് കോള്‍ ലഭിച്ചതായി പുനീത് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് അടുത്തത് നിങ്ങളാണെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് വന്നതായും പുനീത് ആരോപിച്ചു.
ഇദ്‌റീസ് പാഷ
2023 ഏപ്രില്‍ ഒന്നിനാണ് പുനീതും സംഘവും ഇദ്‌റീസ് പാഷയെയും സുഹൃത്തുക്കളെയും ആക്രമിച്ചത്. ഈ കേസില്‍ അറസ്റ്റിലായ ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.2023ല്‍ ക്രിസ്മസ് ആഘോഷത്തിന്റെ അലങ്കാരങ്ങള്‍ നശിപ്പിച്ചത് അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.സൂറത്ത് കല്ലിലെ ഫാസിലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ കൊലക്കേസുകളിലെ പ്രതികളായ ഹിന്ദുത്വര്‍ക്ക് നിരന്തരമായി വധഭീഷണി ലഭിക്കുന്നുണ്ട്. ബജ്‌റംഗ് ദള്‍ നേതാവായ ഭരത് കുംദേല്‍, ശരണ്‍ പമ്പ്‌വെല്‍ തുടങ്ങിയവര്‍ പോലിസില്‍ പരാതി നല്‍കി കഴിഞ്ഞു.
ഭരത് കുംദേല്‍
അടുത്തിടെ കുഡുപ്പുവില്‍ വയനാട് സ്വദേശി മുഹമ്മദ് അഷ്‌റഫിനെ തല്ലിക്കൊന്ന ഭരതിന്റെ കാര്യം ജനങ്ങള്‍ മറന്നിട്ടില്ലെന്നാണ് ഭരതിന് ലഭിച്ച സന്ദേശം പറയുന്നത്. ഹിന്ദു നേതാക്കള്‍ക്കെതിരെ നിരന്തരമായ ഭീഷണികളുണ്ടെന്നും മംഗളൂരുവില്‍ ഭീതിയുടെ അന്തരീക്ഷമാണ് നിലവിലുള്ളതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ബി വൈ വിജയേന്ദ്ര ആശങ്കപ്പെടുകയുണ്ടായി.
സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ് ദളും നടത്തിയ പരിപാടിയില്‍ വര്‍ഗീയ വിഷം തുപ്പിയ ഭരതിനെതിരെ പുട്ടൂര്‍ പോലിസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.
