മുസ്‌ലിം യുവതിക്ക് ചികില്‍സ നിഷേധിച്ച സംഭവം പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസ്

Update: 2025-10-08 15:23 GMT

ലഖ്നോ: ഗര്‍ഭിണിയായ മുസ്ലിം യുവതിക്ക് സര്‍ക്കാര്‍ ഡോക്ടര്‍ ചികില്‍സ നിഷേധിച്ച സംഭവം പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ഉത്തര്‍പ്രദേശ് പോലിസ് കേസെടുത്തു. ജോന്‍പൂരിലെ പ്രാദേശിക മാധ്യമപ്രവര്‍ത്തകരായ മയാങ്ക് ശ്രീവാസ്തവ, മുഹമ്മദ് എന്നിവര്‍ക്കെതിരെയാണ് കേസ്. ജോന്‍പൂര്‍ ജില്ലാ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് കേസ്. ബലം പ്രയോഗിച്ച് ആശുപത്രിയിലെ ലേബര്‍ വാര്‍ഡില്‍ കയറിയെന്നും വീഡിയോ ചിത്രീകരിച്ചെന്നും ആശുപത്രി സ്വത്തിന് നാശനഷ്ടം വരുത്തിയെന്നുമാണ് ആരോപണം.

ശാമ പര്‍വീണ്‍ എന്ന യുവതിക്കാണ് ജോന്‍പൂര്‍ ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ചികില്‍സ നിഷേധിച്ചത്. ശാമ പര്‍വീണ്‍ ഗര്‍ഭിണിയാണ്. സെപ്റ്റംബര്‍ 30ന് രാത്രിയാണ് സംഭവം. ''മുസ്ലിംകളെ ചികിത്സിക്കില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. രാവിലെ 9 മണിയോടെയാണ് എന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്, പക്ഷേ ഡോക്ടര്‍ എന്നെ ചികിത്സിക്കാന്‍ വിസമ്മതിച്ചു, ഓപ്പറേഷന്‍ തിയേറ്ററിലേക്ക് അയയ്ക്കരുതെന്ന് പോലും മറ്റുള്ളവരോട് പറഞ്ഞു. വിവേചനം കാണിക്കരുതെന്ന് പറഞ്ഞിട്ടും അവര്‍ നിലപാട് മാറ്റിയില്ല.''-ശാമ പറയുന്നു.

തന്റെ ഭാര്യയ്ക്ക് മാത്രമല്ല, അന്ന് പ്രവേശിപ്പിച്ച മറ്റൊരു മുസ്ലിം സ്ത്രീക്കും അതേ ഡോക്ടര്‍ ചികിത്സ നിരസിച്ചുവെന്ന് ഭര്‍ത്താവ് അര്‍മാന്‍ പറഞ്ഞു. ആശുപത്രി ജീവനക്കാര്‍ വര്‍ഗീയ വിവേചനം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കുടുംബം പരാതി നല്‍കിയിട്ടുണ്ട്. യുവതി നേരിട്ടത് വളരെ മോശം അനുഭവമാണെന്ന് സമാജ്വാദി പാര്‍ട്ടി എംഎല്‍എ രാഗിണി സോങ്കര്‍ പറഞ്ഞു. 'സംസ്ഥാനത്തുടനീളമുള്ള വര്‍ഗീയ സംഘര്‍ഷത്തിന്റെ ഫലമാണിത്. പ്രസവവേദന അനുഭവിക്കുന്ന ഒരു സ്ത്രീയും ചികിത്സ നിഷേധിക്കപ്പെട്ടതായി കള്ളം പറയില്ല. ആരോപണ വിധേയനായ ഡോക്ടര്‍ക്കെതിരേ കേസെടുക്കുന്നതിന് പകരം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തിരിക്കുന്നു. ജില്ലാ മജിസ്‌ട്രേറ്റുമായി സംസാരിക്കും. ആവശ്യമെങ്കില്‍ വിഷയം നിയമസഭയില്‍ ഉന്നയിക്കും.''-രാഗിണി സോങ്കര്‍ പറഞ്ഞു.