മെഡിക്കല്‍ കോളജില്‍ പ്ലാസ്റ്ററിട്ടയാളുടെ കാലില്‍ ഫൈബര്‍ ചില്ല്

Update: 2026-01-02 02:09 GMT

അമ്പലപ്പുഴ: വാഹനാപകടത്തെത്തുടര്‍ന്ന് ആലപ്പുഴ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുന്നലും പ്ലാസ്റ്ററുമിട്ട യുവാവിന്റെ കാലില്‍ നിന്ന് 5 മാസത്തിനു ശേഷം ഫൈബര്‍ ചില്ലിന്റെ കഷണം കണ്ടെത്തി. സംഭവത്തില്‍ പരാതി എത്തിയതോടെ അന്വേഷണത്തിനായി നാലംഗ സമിതിയെ അന്വേഷണത്തിനു നിയോഗിച്ചു.

ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനത്തിലെ ജീവനക്കാരനായ പുന്നപ്ര കൊച്ചുപറമ്പില്‍ അനന്തുവിന് (27) ജൂലൈ 17നാണ് അപകടം പറ്റിയത്. ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ ബൈക്ക് മറിയുകയായിരുന്നു. വലതു കാല്‍മുട്ടിനു താഴെ മുറിവേറ്റു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മുറിവില്‍ തുന്നലിട്ടു വീട്ടിലേക്ക് അയച്ചു. അടുത്ത ദിവസം അസ്ഥി രോഗവിഭാഗത്തിലെ ഡോക്ടര്‍മാര്‍ പ്ലാസ്റ്ററുമിട്ടു.

മുറിവുണ്ടായ ഭാഗത്തെ നീരും വേദനയും കുറയാതായപ്പോള്‍ അനന്തു വീണ്ടും ആശുപത്രിയിലെത്തി. തീവ്രപരിചരണ വിഭാഗത്തിലേക്കു റഫര്‍ ചെയ്‌തെങ്കിലും അവിടെ കിടക്കയില്ലാത്തതിനാല്‍ മറ്റേതെങ്കിലും ആശുപത്രിയില്‍ പോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെന്ന് അനന്തുവിന്റെ ബന്ധുക്കള്‍ പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരം ആശുപത്രി വിടുന്നതായി എഴുതിക്കൊടുത്താണു ഡിസ്ചാര്‍ജ് ചെയ്തത്. തുടര്‍ന്ന് ഡിസംബര്‍ 30ന് സഹകരണ വകുപ്പിനു കീഴിലുള്ള ആശുപത്രിയിലെത്തി എക്‌സ്‌റേ എടുത്തപ്പോള്‍ മുറിവേറ്റ ഭാഗത്ത് 2 സെന്റിമീറ്റര്‍ നീളമുള്ള ഫൈബര്‍ ചില്ല് കണ്ടെത്തി. ശസ്ത്രക്രിയയിലൂടെ അതു പുറത്തെടുത്തു. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിനും അമ്പലപ്പുഴ പോലിസിനും അനന്തു പരാതി നല്‍കിയതിനെത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു.