ലോറന്‍സ് ബിഷ്‌ണോയ് സംഘം തീവ്രവാദ സംഘടനയെന്ന് കാനഡ; പ്രത്യേക സമുദായങ്ങളെ ലക്ഷ്യമിടുന്നുവെന്ന് പൊതുസുരക്ഷാ മന്ത്രി

Update: 2025-09-29 13:58 GMT

ഒട്ടാവ: ഇന്ത്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലോറന്‍സ് ബിഷ്‌ണോയ് സംഘത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് കാനഡ. ചില പ്രത്യേക സമുദായങ്ങളെ സംഘം ലക്ഷ്യമിടുന്നതായി കാനഡ പൊതു സുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗരി പറഞ്ഞു. 'ബിഷ്ണോയി സംഘം പ്രത്യേക സമുദായങ്ങളെ ഭീകരതയ്ക്കും അക്രമത്തിനും ഭീഷണിക്കും ഇരയാക്കിയിട്ടുണ്ട്. ഈ ക്രിമിനല്‍ ഭീകരരുടെ സംഘത്തെ തീവ്രവാദപട്ടികയില്‍ ചേര്‍ക്കുന്നത് അവരുടെ കുറ്റകൃത്യങ്ങളെ നേരിടാനും അവസാനിപ്പിക്കാനും കൂടുതല്‍ ശക്തവും ഫലപ്രദവുമായ അവസരങ്ങള്‍ നല്‍കുന്നു''-മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

ഗാരി ആനന്ദസംഗരി

ഒരു സംഘത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്നത് സ്വത്തുക്കള്‍, വാഹനങ്ങള്‍, പണം എന്നിവ മരവിപ്പിക്കാനോ പിടിച്ചെടുക്കാനോ ഉള്ള അധികാരം സര്‍ക്കാരിന് നല്‍കും. വടക്കേ ഇന്ത്യയിലെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലെ അംഗങ്ങള്‍. പഞ്ചാബി ഗായകന്‍ സിദ്ധു മൂസെവാലയുടെ കൊലപാതകം, സിഖ് നേതാവ് നിജ്ജറിന്റെ കാനഡയിലെ കൊലപാതകം എന്നിവയില്‍ സംഘത്തിന് പങ്കുണ്ട്. ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ സംഘം നിരവധി തവണ ശ്രമിക്കുകയും ചെയ്തു.മഹാരാഷ്ട്രയിലെ എന്‍സിപി നേതാവ് ബാബാ സിദ്ദീഖിയെ കൊലപ്പെടുത്തിയത് സംഘമാണ്.