ഫെഡറല്‍ ബാങ്ക് കൊള്ളയടിച്ചയാള്‍ അറസ്റ്റില്‍; പത്ത് ലക്ഷം രൂപയും പിടിച്ചെടുത്തു

Update: 2025-02-16 14:20 GMT

തൃശൂര്‍: ചാലക്കുടി പോട്ടയിലെ ഫെഡറല്‍ ബാങ്കില്‍ കൊള്ള നടത്തിയ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ പോട്ട സ്വദേശിയായ റിജോ ആന്റണിയാണ് പ്രതി. കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാവില്ലെന്നും പോലിസ് അറിയിച്ചു. കടബാധ്യത തീര്‍ക്കാനായാണ് ഇയാള്‍ മോഷണം നടത്തിയത്. ഇയാളില്‍ നിന്നും പത്തുലക്ഷം രൂപയും പോലിസ് പിടിച്ചെടുത്തു.

പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിൽ വെള്ളിയാഴ്ച ഉച്ചഭക്ഷണ സമയത്തായിരുന്നു കൊള്ള. കറുത്ത ഹെൽമെറ്റും ജാക്കറ്റും കൈയുറകളും ധരിച്ചായിരുന്നു മോഷണം. ഹിന്ദി സംസാരിക്കുന്ന ആളായതിനാൽ റെയിൽവേ സ്റ്റേഷനും മറ്റും കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. മുറി പൂട്ടിയശേഷം കാഷ് കൗണ്ടർ തോൾകൊണ്ട് ഇടിച്ചുതുറക്കാൻ ശ്രമിക്കുന്ന പ്രതിയുടെ സിസിടിവി. ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിന്നീട് കൈകൊണ്ട് ചില്ലുകൾ തകർത്താണ് പണം അപഹരിച്ചത്.

പോട്ട ചെറുപുഷ്പം പള്ളിയുടെ നേരേ എതിർവശത്ത് പഴയ ദേശീയപാതയിലാണ് ബാങ്ക്. പുതിയ ദേശീയപാതയിൽനിന്ന് 150 മീറ്റർ ദൂരെ. നട്ടുച്ചയായതിനാൽ ഏറക്കുറേ വിജനമായിരുന്നു പാത. രണ്ടു മുതൽ രണ്ടര വരെയാണ് ബാങ്കിന്റെ ഉച്ചഭക്ഷണ ഇടവേള. കൃത്യം 2.12-നാണ് മോഷ്ടാവ് ബാങ്കിനുള്ളിൽ പ്രവേശിച്ചത്. ബാങ്കിനുമുന്നിൽ നിർത്തിയിട്ട കാറിനു പിന്നിലായി സ്കൂട്ടർ നിർത്തിയാണ് ഇയാൾ ഉള്ളിലേക്കു കയറിയത്. ഏഴ് ജീവനക്കാരുള്ള ബാങ്കിൽ സുരക്ഷാ ജീവനക്കാരില്ലായിരുന്നു. ഒരാൾ ഭക്ഷണം കഴിക്കാൻ പുറത്തുപോയിരുന്നു. മറ്റ് നാലുപേർ മുറിയിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു.

മാനേജരും മറ്റൊരു ജീവനക്കാരനുമാണ് പ്രധാന ഹാളിലുണ്ടായിരുന്നത്. ഇരുവരെയും കത്തി കാട്ടി ഭീഷണിപ്പെടുത്തി ഡൈനിങ് മുറിയിലാക്കി. ഈ മുറി പുറമേനിന്ന് കുറ്റിയിട്ട ശേഷം കാഷ് കൗണ്ടറിന്റെ ചില്ല് തകർത്താണ് പണം കൈക്കലാക്കിയത്. 47 ലക്ഷം രൂപയാണ് കൗണ്ടറിൽ അടുക്കുകളാക്കി വെച്ചിരുന്നത്. ഇതിൽനിന്ന് നടുക്കായി ക്രമീകരിച്ച അഞ്ചുലക്ഷം വീതമുള്ള മൂന്ന് കെട്ടുകൾ കൈക്കലാക്കി പുറത്തേക്കുപോയി. പോട്ട സിഗ്നലിന്റെ ഭാഗത്തേക്കാണ് മോഷ്ടാവ് പോയതെങ്കിലും നേരേ ദേശീയപാതയിലേക്ക് കയറിയതിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നില്ല. ഭക്ഷണം കഴിക്കാൻ പുറത്തുപോയ ജീവനക്കാരനെ ഫോണിൽ വിളിച്ചുവരുത്തിയാണ് ഡൈനിങ് മുറി തുറപ്പിച്ചത്.


UPDATING....