ബര്‍ഗറില്‍ ചിക്കന്‍ കുറവെന്ന് പരാതി പറഞ്ഞ കുട്ടികള്‍ക്ക് നേരെ കത്തിവീശിയ മാനേജരെ പിരിച്ചുവിട്ടു

Update: 2026-01-02 06:45 GMT

കൊച്ചി: ബര്‍ഗറില്‍ ചിക്കന്‍ കുറഞ്ഞെന്ന് ആരോപണം ഉന്നയിച്ചവര്‍ക്കെതിരേ കത്തിവീശിയ മാനേജരെ പിരിച്ചുവിട്ടെന്ന് ഫാസ്റ്റ് ഫുഡ് ശൃംഖല. എറണാകുളത്തെ ഔട്ലെറ്റില്‍ മാനേജരായിരുന്ന സൗദി മുണ്ടംവേലി രാമേശ്വരം സ്വദേശി ജോഷ്വായെ ജോലിയില്‍നിന്നും പിരിച്ചുവിട്ടതായി കമ്പനി അറിയിച്ചു. ലഭിച്ച ബര്‍ഗറിലൊന്നില്‍ ചിക്കന്‍ കുറവാണെന്ന് കുട്ടികള്‍ പരാതിപ്പെട്ടപ്പോള്‍ മാനേജരായ ജോഷ്വാ ഭീഷണിപ്പെടുത്തുന്ന വിഡിയോ കഴിഞ്ഞദിവസങ്ങളില്‍ വൈറലായിരുന്നു. പിന്നാലെ കുട്ടികള്‍ക്കു നേരെ കത്തി വീശിയ സംഭവത്തില്‍ ജോഷ്വാക്കെതിരെയും ഇയാളെ മര്‍ദിച്ചതിന് നാലു പേര്‍ക്കെതിരെയും എറണാകുളം സെന്‍ട്രല്‍ പോലിസ് കേസെടുത്തിരുന്നു.

എറണാകുളം മഹാരാജ് കോളജ് ഗ്രൗണ്ടില്‍ നടന്ന സിബിഎസ്ഇ സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കാനെത്തിയ 4 കുട്ടികളാണ് ഫാസ്റ്റ് ഫുഡ് ശൃംഖലയുടെ ഔട്ലെറ്റില്‍ ഭക്ഷണം കഴിക്കാനെത്തിയത്. ഭക്ഷണത്തെ കുറിച്ച് പരാതി പറഞ്ഞതിനെ തുടര്‍ന്നാണ് ജോഷ്വായുമായി തര്‍ക്കമുണ്ടായത്. ഇതിനിടെ, കുട്ടികള്‍ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതിനെ ജോഷ്വാ എതിര്‍ത്തു. തുടര്‍ന്ന് കുട്ടികള്‍ തങ്ങള്‍ക്കൊപ്പമുള്ള മുതിര്‍ന്നവരെ വിളിച്ചു വരുത്തുകയായിരുന്നു. ഇവര്‍ എത്തിയതോടെയാണു സംഘര്‍ഷം രൂക്ഷമായത്.

സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടന്നു വരികയാണെന്ന് കമ്പനി അറിയിച്ചു. കേസ് അന്വേഷണത്തില്‍ സഹകരിക്കും. സ്ഥാപനവുമായി ബന്ധപ്പെട്ട് ഒരു വിധത്തിലുള്ള അക്രമമോ മോശം പെരുമാറ്റമോ അംഗീകരിക്കാന്‍ കഴിയില്ല. കസ്റ്റമര്‍മാരുടെയും ജീവനക്കാരുടെയും മറ്റുള്ളവരുടെയും സുരക്ഷിതത്വം ഏറ്റവും പ്രധാനമാണ്. ഈ സാഹചര്യത്തില്‍ സംഭവത്തില്‍ ഉള്‍പ്പെട്ട മാനേജരെ പിരിച്ചുവിടുന്നു. സ്ഥാപനത്തിന്റെ ആഭ്യന്തര പ്രോട്ടോക്കോളും പരിശീലന പരിപാടികളും റിവ്യൂ ചെയ്യുകയും ഭാവിയില്‍ മോശപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകില്ല എന്നുറപ്പാക്കുകയും ചെയ്യുമെന്നും കമ്പനി അറിയിച്ചു.