ഫറോവയുടെ സ്വര്‍ണ വള കാണാതായി; കെയ്‌റോയിലെ മ്യൂസിയത്തില്‍ നിന്നാണ് 3,000 വര്‍ഷം പഴക്കമുള്ള വള കാണാതായത്

Update: 2025-09-17 15:30 GMT

കെയ്‌റോ: ഈജിപ്തിലെ തഹ്‌റീര്‍ സ്‌ക്വയറിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ഫറോവയുടെ സ്വര്‍ണവള കാണാതായി. ക്രിസ്തുവിന് 723 വര്‍ഷം മുമ്പ് ജീവിച്ചിരുന്ന അമനെമോപിന്റെ സ്വര്‍ണവളയാണ് കാണാതായതെന്ന് ഈജിപ്തിലെ ടൂറിസം പുരാവസ്തു വകുപ്പ് അറിയിച്ചു. വളയുടെ ചിത്രങ്ങള്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും തുറമുഖങ്ങളിലേക്കും കര അതിര്‍ത്തികളിലേക്കും അയച്ചു. ഈജിപ്തിലെ 21ാം കുടുംബവാഴ്ചയിലെ അംഗമായിരുന്നു അമനെമോപ്. നൈല്‍നദിയുടെ കിഴക്കന്‍ തീരത്തായിരുന്നു ഇയാളുടെ കല്ലറ. പിന്നീട് അത് പുറത്തെടുത്ത് ശക്തനായ സൂനെസ് ഒന്നാമന്റെ കല്ലറയില്‍ സ്ഥാപിച്ചു. 1940ല്‍ ഗവേഷകര്‍ ഈ കല്ലറ കണ്ടെത്തി. അതില്‍ നിന്നാണ് ആഭരണങ്ങള്‍ ലഭിച്ചത്.

നിലവില്‍ തഹ് റീര്‍ സ്‌ക്വയറിലെ മ്യൂസിയത്തില്‍ 1,70,00 പുരാവസ്തുക്കളാണുള്ളത്. സംസ്‌കാര സമയത്ത് അമനെമോപിനെ ധരിപ്പിച്ചിരുന്ന സ്വര്‍ണം കൊണ്ടുള്ള മാസ്‌കും അതില്‍ ഉള്‍പ്പെടുന്നു. നവംബര്‍ ഒന്നിന് ഗ്രാന്‍ഡ് ഇജിപ്ഷ്യന്‍ മ്യൂസിയം തുറക്കാനിരിക്കെയാണ് വള കാണാതായത്. 2021ല്‍ രാംസെസ് രണ്ടാമന്‍ അടക്കമുള്ള പ്രമുഖ രാജാക്കന്‍മാരുടെ മമ്മികള്‍ പഴയ കെയ്‌റോയിലെ നാഷണല്‍ മ്യൂസിയത്തിലേക്ക് മാറ്റിയിരുന്നു.