ഇന്ത്യാ-യുഎസ് വ്യാപാര കരാര്‍: കര്‍ഷക താത്പര്യം സംരക്ഷിക്കുമെന്ന് പിയുഷ് ഗോയല്‍

Update: 2026-02-07 11:07 GMT

ന്യൂഡല്‍ഹി: ഇന്ത്യ അമേരിക്ക വ്യാപാര കരാറില്‍ കര്‍ഷക താത്പര്യം സംരക്ഷിക്കുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയുഷ് ഗോയല്‍ പറഞ്ഞു. അമേരിക്കയുമായുള്ള ബന്ധത്തിലെ സുവര്‍ണ അധ്യായമാണ് പുതിയ കരാര്‍. അമേരിക്കയുമായി പ്രതിവര്‍ഷം 500 ബില്യണ്‍ ഡോളര്‍ വാര്‍ഷിക വിനിമയമാണ് പ്രതീക്ഷിക്കുന്നത്. വ്യാപാരക്കരാര്‍ എല്ലാ മേഖലകളിലും പുതിയ അവസരങ്ങള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു.

കയറ്റുമതി മേഖലയില്‍ 30 ട്രില്യന്‍ ഡോളറിന്റെ വികസനം ഉണ്ടാകും. 50% തീരുവയില്‍ നിന്നാണ് 18% ആയി ഇപ്പോള്‍ അമേരിക്ക കുറച്ചിരിക്കുന്നത്. വിയറ്റ്നാമിനേക്കാളും ചൈനയേക്കാളും കുറഞ്ഞ നികുതിയാണ് നിലവില്‍ ഇന്ത്യയില്‍ ഉള്ളതെന്നും മന്ത്രി പറഞ്ഞു. ഇനിമുതല്‍ പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും പൂജ്യം ശതമാനം നികുതി ആയിരിക്കും. സുഗന്ധ വ്യഞ്ജനങ്ങള്‍, നാളികേരം, എണ്ണകള്‍ക്കും പൂജ്യം ശതമാനം നികുതിയാകും. വിമാനങ്ങളുടെ യന്ത്ര ഭാഗങ്ങള്‍ ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

തേയിലക്കും പൂജ്യം ശതമാനം നികുതിയാകും. ഡയറി ഉത്പന്നങ്ങളുടെ കയറ്റുമതി വര്‍ധിക്കുമെന്ന് പറഞ്ഞ പിയുഷ് കര്‍ഷക വിരുദ്ധരായ ലോബികളാണ് ബില്ലിനെതിരെ പ്രചാരണം നടത്തുന്നതെന്നും ആരോപിച്ചു. മരുന്നുകള്‍, ഡയമണ്ട്, സ്മാര്‍ട്ട് ഫോണ്‍ എന്നിവയ്ക്കും നികുതി പൂജ്യം ശതമാനമാകും. തുണിത്തരങ്ങള്‍, ലെതര്‍ വസ്തുക്കളുടെയും വ്യാപാരം വര്‍ധിക്കുമെന്നും സാങ്കേതിക മേഖലയില്‍ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നും കേന്ദ്ര വാണിജ്യ മന്ത്രി വിശദീകരണത്തില്‍ പറഞ്ഞു.

Tags: