സ്ഥലത്തിന് തണ്ടപ്പേര് ലഭിച്ചില്ലെന്ന്; ജീവനൊടുക്കാന്‍ ശ്രമിച്ച കര്‍ഷകന്‍ മരിച്ചു
മണ്ണാര്‍ക്കാട്: സ്ഥലത്തിന് തണ്ടപ്പേര് കിട്ടാത്തതിനെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കര്‍ഷകന്‍ ചികിത്സയിലിരിക്കേ മരിച്ചു. അഗളി പഞ്ചായത്ത് മുന്‍ വൈസ്പ്രസിഡന്റുകൂടിയായ അഗളി പുലിയറ വണ്ടര്‍കുന്നേല്‍ വി കെ ഗോപാലകൃഷ്ണനാണ് (57) മരിച്ചത്. രണ്ടുതവണ അഗളി പഞ്ചായത്തംഗമായിട്ടുള്ള ഗോപാലകൃഷ്ണന്‍ രണ്ടരവര്‍ഷം അഗളി പഞ്ചായത്ത് വൈസ്പ്രസിഡന്റുമായിരുന്നു. താന്‍ വിഷം കഴിച്ച വിവരം വെള്ളിയാഴ്ച രാവിലെയാണ് ഗോപാലകൃഷ്ണന്‍, സഹോദരന്‍ പ്രഭാകരനെ ഫോണില്‍ വിളിച്ചുപറഞ്ഞത്. പ്രഭാകരന്‍ ഉടന്‍ ഗോപാലകൃഷ്ണന്റെ ഭാര്യയെ ഫോണില്‍ വിളിച്ച് വിവരം പറയുകയും വീട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ആദ്യം മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച പുലര്‍ച്ചെ മരിച്ചു.
മൂന്നുവര്‍ഷം മുന്‍പാണ് ഗോപാലകൃഷ്ണനും കുടുംബവും തെങ്കരയിലെ വാടകവീട്ടിലേക്ക് താമസംമാറിയത്. വെരിക്കോസിന്റെ പ്രശ്‌നമുള്ളതിനാല്‍ ഇദ്ദേഹത്തിന് അടുത്തകാലത്തായി നടക്കാനാവുമായിരുന്നില്ല. ഇതിന്റെ മാനസികവിഷമവും ഉണ്ടായിരുന്നു. ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ അട്ടപ്പാടിയിലെ സ്ഥലം വില്‍ക്കാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും തണ്ടപ്പേര് ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. തണ്ടപ്പേരിന് അപേക്ഷനല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും കിട്ടാതായതോടെ വില്ലേജോഫീസില്‍ അന്വേഷിച്ചപ്പോള്‍ തണ്ടപ്പേര് മറ്റൊരാളുടെപേരില്‍ അനുവദിച്ചതായാണ് ഗോപാലകൃഷ്ണന്‍ അറിഞ്ഞതെന്ന് സഹോദരന്‍ പ്രഭാകരന്‍ പറഞ്ഞു. മണ്ണാര്‍ക്കാട് മൂപ്പില്‍നായരുടെ സര്‍വേ നമ്പറിലുള്ള ഭൂമി ആധാരംചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള കലക്ടറുടെ ഉത്തരവില്‍പ്പറയുന്ന സര്‍വേനമ്പറില്‍ ഉള്‍പ്പെട്ടതാണ് ഗോപാലകൃഷ്ണന്റെ ഭൂമി. രേഖകള്‍ കൈവശമുണ്ടെങ്കിലും കര്‍ഷകരുടെ ഇത്തരത്തിലുള്ള ഭൂമി വില്‍ക്കാനോ വായ്പയെടുക്കാനോ പറ്റാത്ത സാഹചര്യമാണുള്ളത്. ഗോപാലകൃഷ്ണന്റെ ഭാര്യ: ഷീജ. മക്കള്‍: അര്‍ജുന്‍ വി കൃഷ്ണ, ഗൗതം വി കൃഷ്ണ.
