ഹസ്‌നയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് കുടുംബം

Update: 2026-01-02 01:58 GMT

താമരശേരി: കൈതപ്പൊയിലിലെ സ്വകാര്യ അപ്പാര്‍ട്ട്മെന്റില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയതില്‍ സമഗ്രാന്വേഷണം വേണമെന്ന് കുടുംബം. കാക്കൂര്‍ ഈന്താട് മുണ്ടപ്പുറത്തുമ്മല്‍ ഹസ്‌ന(34)യെ ബുധനാഴ്ചയാണ് അപ്പാര്‍ട്ട്‌മെന്റിലെ ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രാന്വേഷണം നടത്തി വ്യക്തതവരുത്തണമെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. കഴിഞ്ഞദിവസം ഹസ്‌ന മാതാവിനെ ഫോണില്‍വിളിച്ച് അടുത്തദിവസം അങ്ങോട്ടുവരാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, പിന്നീട് വിളിച്ചിട്ട് ഹസ്‌ന ഫോണെടുത്തിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ ലഭിച്ചാല്‍ പരാതിനല്‍കുമെന്നും ഇവര്‍ പറഞ്ഞു. വിവാഹമോചിതയായ ഹസ്ന ഏഴുമാസത്തോളമായി വേനക്കാവ് സ്വദേശി ആദിലി(29)നൊപ്പം താമസിച്ചുവരുകയായിരുന്നു. ആദിലും വിവാഹമോചിതനാണ്.

കൈതപ്പൊയിലിലെ സ്വകാര്യ അപ്പാര്‍ട്ട്മെന്റിലാണ് ആദിലും ഹസ്നയും കഴിഞ്ഞ ഒരുമാസത്തോളമായി താമസിച്ചുവന്നിരുന്നത്. ബുധനാഴ്ച രാവിലെ പതിനൊന്നരയായിട്ടും ഹസ്ന മുറിതുറക്കാത്തതിനെത്തുടര്‍ന്ന് ആദില്‍ ഫ്‌ളാറ്റുടമയെ വിളിച്ചുവരുത്തുകയും തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിക്കുകയുമായിരുന്നു എന്നാണ് പോലിസ് അറിയിച്ചത്. പ്രാഥമികാന്വേഷണത്തില്‍ ദുരൂഹതയൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലിസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടന്നുവരുകയാണെന്നും അവര്‍ അറിയിച്ചു.