അന്വേഷണം നടത്താതെ പൊതുപ്രവര്‍ത്തകനെ പീഡനക്കേസില്‍ പ്രതിയാക്കി; സര്‍ക്കാര്‍ അരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം, വനിതാ എസ്‌ഐയ്‌ക്കെതിരേ നടപടിയെടുക്കണം
കോഴിക്കോട്: അന്വേഷണം നടത്താതെ പൊതുപ്രവര്‍ത്തകനെ പീഡനക്കേസില്‍ പ്രതിയാക്കിയ സംഭവത്തില്‍ സര്‍ക്കാര്‍ അരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. തിരുവമ്പാടി പ്രിന്‍സിപ്പല്‍ എസ്ഐ ഇ കെ രമ്യക്കെതിരേ വകുപ്പുതലനടപടികള്‍ സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. നാട്ടൊരുമ പൗരാവകാശസമിതിയുടെ എക്‌സിക്യുട്ടീവ് മെമ്പറായ തിരുവമ്പാടി ആനടിയില്‍ സെയ്തലവിയുടെ പരാതിയിലാണ് നടപടി. രണ്ടുമാസത്തിനുള്ളില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരത്തുക നല്‍കിയശേഷം എസ്ഐയുടെ ശമ്പളത്തില്‍നിന്ന് ഈടാക്കണം. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എസ്ഐക്കെതിരേ കര്‍ശനനടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും ഉത്തരവ് പറയുന്നു.
വനംവകുപ്പ് ഉന്നതോദ്യോഗസ്ഥന്റെ പേരില്‍ ഹൈക്കോടതിയില്‍ പരാതിനല്‍കിയതിന്റെ വൈരാഗ്യത്തിലാണ് എസ്ഐ തന്റെപേരില്‍ വ്യാജകേസ് രജിസ്റ്റര്‍ചെയ്തതെന്നാണ് സെയ്തലവിയുടെ പരാതി.
പരാതിക്കാരനും പ്രദേശവാസിയായ ഒരു സ്ത്രീയും അവരുടെ ബന്ധുക്കളുംതമ്മില്‍ താഴെ തിരുവമ്പാടി തിയ്യരുതട്ടേക്കാട് ജുമാഅത്ത് പള്ളിയുടെ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ടുള്ള സിവില്‍തര്‍ക്കമാണ് സ്ത്രീപീഡനക്കേസിന് പിന്നിലെന്ന് മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണവിഭാഗം കണ്ടെത്തി. 2023 ജനുവരി 24ന് രാവിലെ പരാതിക്കാരനും ഈ സ്ത്രീയുടെ ഭര്‍ത്തൃസഹോദരനും തമ്മില്‍ വാക്തര്‍ക്കമുണ്ടായി. അന്നുതന്നെ പരാതിക്കാരന്‍ തന്നെ ആക്രമിക്കാന്‍ശ്രമിച്ചെന്നാരോപിച്ച് സ്ത്രീ തിരുവമ്പാടി സ്റ്റേഷനില്‍ പരാതിനല്‍കി. ഇതിന്റെയടിസ്ഥാനത്തില്‍ എസ്ഐ പരാതിക്കാരനെ പ്രതിയാക്കി സെക്ഷന്‍ 354 ഐപിസി പ്രകാരം കേസെടുത്തു. തുടര്‍ന്നുനടത്തിയ അന്വേഷണത്തില്‍ അക്രമംനടന്നതായുള്ള പരാതി വ്യാജമാണെന്നുകണ്ടെത്തി.
സ്ത്രീയുടെ മൊഴിക്കനുകൂലമായി അവരുടെ ബന്ധുക്കളുടെയും മരുമക്കളുടെയും മൊഴിമാത്രം രേഖപ്പെടുത്തി വേണ്ടത്ര അന്വേഷണംനടത്താതെയാണ് പരാതിക്കാരന്റെപേരില്‍ കേസെടുത്തതെന്നാണ് അന്വേഷണവിഭാഗം കണ്ടെത്തിയത്. പരാതിക്കാരന് കോടതിയില്‍നിന്ന് മുന്‍കൂര്‍ജാമ്യമെടുക്കേണ്ട സാഹചര്യവുമുണ്ടായി. ഇത് പരാതിക്കാരന് മാനഹാനിയും ധനനഷ്ടവുമുണ്ടാക്കിയതായും അന്വേഷണവിഭാഗം കണ്ടെത്തി.
