കരുവാരക്കുണ്ടില്‍ ഇറങ്ങിയത് 'വ്യാജ കടുവയെന്ന്' വനംവകുപ്പ്; വ്യാജ വീഡിയോ പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്
മലപ്പുറം: കരുവാരക്കുണ്ടില്‍ കടുവ ഇറങ്ങിയെന്ന് പറഞ്ഞ് വ്യാജ വീഡിയോദൃശ്യം പ്രചരിപ്പിച്ച യുവാവിനെതിരെ കേസെടുത്തു. സിടിസി എസ്‌റ്റേറ്റിനു സമീപത്ത് താമസിക്കുന്ന മണിക്കനാംപറമ്പില്‍ ജെറിനെതിരെയാണ് വനംവകുപ്പിന്റെ പരാതിയില്‍ പോലിസ് കേസെടുത്തത്. കടുവയുടെ പഴയ വീഡിയോ എടുത്ത് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണ് ജെറിന്‍ ചെയ്തിരിക്കുന്നതെന്ന് വനംവകുപ്പിന്റെ പരാതി പറയുന്നു.
ശനിയാഴ്ച രാത്രി 11ന് ആര്‍ത്തല ചായത്തോട്ടത്തിനു സമീപത്തെ റബര്‍ത്തോട്ടത്തില്‍ കടുവയെ കണ്ടെന്നാണ് യുവാവ് പ്രചരിപ്പിച്ചത്. കടുവയുടെ വീഡിയോദൃശ്യവും നാട്ടുകാരെ കാണിച്ചു. ഇതോടെ പരിഭ്രാന്തരായ നാട്ടുകാര്‍ വിവരം വനംവകുപ്പിനെ അറിയിച്ചു. തുടര്‍ന്ന് യുവാവ് പറഞ്ഞ സ്ഥലത്ത് വനംവകുപ്പ് അധികൃതര്‍ പരിശോധന നടത്തിയെങ്കിലും കടുവയുടെ കാല്‍പ്പാട് ഉള്‍പ്പടെ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനാലാണ് പുലിയുടെ വിവരം തേടി വീഡിയോ പരിശോധിച്ചത്.