യുവാവിനെ റഷ്യ തിരിച്ചയച്ചു; ട്രാവല്‍ ഏജന്റിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് ബന്ധുക്കള്‍

Update: 2025-02-09 01:53 GMT

ലുധിയാന (പഞ്ചാബ്): വ്യാജ റഷ്യന്‍ വിസ നല്‍കിയെന്നാരോപിച്ച് ട്രാവല്‍ ഏജന്റിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു. റഷ്യയിലെ മോസ്‌കോ വിമാനത്താവളത്തില്‍ നിന്നും കഴിഞ്ഞ ദിവസം മടക്കി അയച്ച അമൃത്പാല്‍ സിംഗ് എന്ന യുവാവിന്റെ ബന്ധുക്കളാണ് ലുധിയാനയില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന ലവീന്ദര്‍ സിംഗിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതെന്ന് പോലിസ് അറിയിച്ചു. അമൃത്പാല്‍ സിംഗിന്റെ അമ്മായി ജസ്‌വീര്‍ കൗര്‍ അടക്കം ആറു പേരാണ് പ്രതികള്‍. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചു.

അമൃത്പാല്‍ സിംഗ് തിരികെ എത്തിയതിനെ തുടര്‍ന്ന് വിസക്ക് നല്‍കിയ മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ട് ജസ് വീര്‍ കൗര്‍ ലവീന്ദര്‍ സിംഗിനെ സമീപിച്ചിരുന്നു. എന്നാല്‍, പണം നല്‍കാന്‍ ലവീന്ദര്‍ സിംഗ് തയ്യാറായില്ല. അമൃത്പാല്‍ സിംഗ് സ്വന്തം ഇഷ്ടത്തിന് മോസ്‌കോയില്‍ നിന്നു തിരിച്ചുവന്നുവെന്നാണ് ലവീന്ദര്‍ സിംഗ് പറഞ്ഞത്. ഇതേതുടര്‍ന്നാണ് മറ്റു ചിലരുടെ സഹായത്തോടെ ലവീന്ദര്‍ സിംഗിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്.

റഷ്യന്‍ വിസ വേണമെന്നാവശ്യപ്പെട്ട് ജസ്‌വീര്‍ കൗറിന്റെ സുഹൃത്തുക്കള്‍ ലവീന്ദര്‍ സിംഗിനെ സമീപിച്ചെന്നും അവിടെ നിന്നുതട്ടിക്കൊണ്ടുപോയെന്നുമാണ് പോലിസ് പറയുന്നത്. പ്രതികളെല്ലാം ഒളിവിലാണ്.