ക്രിസ്ത്യാനിയുടെ മൃതദേഹം മറവ് ചെയ്തതിനെ ചൊല്ലി ഛത്തീസ്ഗഡില്‍ വന്‍ സംഘര്‍ഷം; പോലിസുകാര്‍ അടക്കം 20 പേര്‍ക്ക് പരിക്ക്
റായ്പ്പൂര്‍: ക്രിസ്തുമത വിശ്വാസിയുടെ മൃതദേഹം മറവ് ചെയ്തതുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡിലെ കാങ്കറിലെ അമബെഡയില്‍ വന്‍ സംഘര്‍ഷം. അക്രമസംഭവങ്ങളില്‍ പോലിസുകാരും മാധ്യമപ്രവര്‍ത്തകരും അടക്കം 20 പേര്‍ക്ക് പരിക്കേറ്റു. അമബെഡ സര്‍പഞ്ചായ രാജ്മന്‍ സലത്തിന്റെ പിതാവ് ചമ്ര റാമിന്റെ മൃതദേഹം ക്രിസ്തുമത ആചാരപ്രകാരം ഗ്രാമത്തില്‍ സംസ്‌കരിച്ചതിനെ ആദിവാസികളില്‍ ഒരു വിഭാഗം എതിര്‍ക്കുകയായിരുന്നു. വടികളും മറ്റുമായാണ് അവര്‍ എത്തിയത്. എന്നാല്‍, ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ആദിവാസികള്‍ അവരെ എതിര്‍ത്തു. ഇതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. അക്രമി സംഘം സര്‍പഞ്ചിന്റെ വീടിനും പ്രദേശത്തെ ഒരു ക്രിസ്ത്യന്‍ പള്ളിക്കും തീയിട്ടു.
അതിന് ശേഷം 3,000ത്തില്‍ അധികം പേര്‍ വരുന്ന ആള്‍ക്കൂട്ടം പ്രദേശത്തെ മറ്റൊരു പള്ളിക്കും തീയിട്ടു. മൂന്നാമത്തെ പള്ളിക്ക് തീയിടാന്‍ പോവുമ്പോഴാണ് പോലിസ് എത്തിയത്. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിച്ചാര്‍ജ് നടത്തി. ഈ സംഭവങ്ങളില്‍ എഎസ്പി അന്തഗഡ് ആശിഷ് ബന്‍സോദ് അടക്കമുള്ളവര്‍ക്കും പരിക്കേറ്റു.
ചമ്ര റാമിന്റെ മൃതദേഹം ഗ്രാമത്തില്‍ സംസ്‌കരിക്കുന്നത് ആചാരലംഘനമാണെന്നാണ് ഒരു വിഭാഗം ആദിവാസികള്‍ ആരോപിക്കുന്നത്. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരുടെ മൃതദേഹങ്ങള്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ ഗ്രാമങ്ങളില്‍ സംസ്‌കരിക്കരുതെന്നാണ് ഹിന്ദുത്വര്‍ കാംപയിന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് ചമ്ര റാമിന്റെ മൃതദേഹം പോലിസ് കുഴിച്ചെടുത്തു. മൃതദേഹം സംസ്ഥാന തലസ്ഥാനമായ റായ്പൂരിലേക്കാണ് കൊണ്ടുപോയത്.
ക്രിസ്ത്യാനികളുടെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് 350 തര്‍ക്കങ്ങളാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഛത്തീസ്ഗഡില്‍ നടന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. സുഭാഷ് ബാഗെല്‍ എന്ന പാസ്റ്ററുടെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കാത്തത് സുപ്രിംകോടതി വരെ എത്തുകയും ചെയ്തു. ക്രിസ്ത്യന്‍ പാസ്റ്റര്‍മാരും പുരോഹിതന്‍മാരും ഗ്രാമം സന്ദര്‍ശിക്കരുതെന്ന ഉത്തരവ് കാങ്കറിലെ 14 ഗ്രാമങ്ങള്‍ പാസാക്കിയിട്ടുണ്ട്. ആദിവാസി സംസ്‌കാരവും ജീവിതവും സംരക്ഷിക്കണമെന്ന പെസ നിയമത്തിലെ വ്യവസ്ഥകള്‍ ഉപയോഗിച്ചാണ് ഹിന്ദുത്വ മേല്‍ക്കോയ്മയുള്ള ഗ്രാമസഭകളുടെ നടപടികള്‍.

